സിനിമാപ്രേമി (10) :: തീരാത്ത ബന്ധങ്ങൾ' 16mm :: ഒരു ദിവസത്തെ പ്രൊഡക്ഷൻ ബോയ് :: മുടങ്ങിയ ഷൂട്ടിങ്ങും ശശികലയും

എസ്. സലിംകുമാർ



1978-1982 കാലത്ത് മദ്രാസിൽ സിനിമാരംഗത്ത് ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. സഹസംവിധായകൻ,പ്രൊ ഡക്ഷൻ ബോയ്‌, മേക്ക്അപ് സഹായി, തിരക്കഥാകൃത്ത് അങ്ങനെ പല പ്രവൃത്തികൾ. അന്നത്തെ അനുഭവങ്ങൾ അമ്പതോളം അധ്യായങ്ങളുള്ള ഒരു പുസ്തമാക്കുവാനുള്ള നടപടികൾ നടക്കുന്നു. ചില അധ്യായങ്ങൾ ഇവിടെ കൊടുക്കുന്നു. 'സിനിമാപ്രേമി' എന്നാണ് പുസ്തകത്തിൻ്റെ പേര്. പ്രശസ്തരും അപ്രശസ്തരുമായ നിരവധി ആളുകളെ ഇതിൽ കാണാം.



'തീരാത്ത ബന്ധങ്ങൾ'എന്നൊരു സിനിമ ഷൂട്ടിംഗ് തുടങ്ങിയിട്ടുണ്ട്. ഇതുവരെ സിനിമയൊന്നും എടുത്തിട്ടില്ലാത്ത ഒരു ഡോക്ടർ ആണ് നിർമ്മാതാവ്. കടൽത്തീരത്ത് വലിയൊരു ബംഗ്ലാവിലാണ് അദ്ദേഹം താമസിക്കുന്നത്. കഥ അദ്ദേഹത്തിന്റേതാണ്. തിരക്കഥയും സംഭാഷണവും വേലപ്പൻ എന്ന ഒരാൾ ആണ്. വേലപ്പനെ ഞാൻ കണ്ടിട്ടുണ്ട്. ഇസ്മായിലിക്കയുടെ സുഹൃത്ത് ആണ്. എപ്പോൾക്കണ്ടാലും വേലപ്പൻ കഥകൾ പറയും. സീൻ തിരിച്ച് സംഭാഷണങ്ങളോടെ ദീർഘനേരം കഥ പറയുന്ന വേലപ്പനെ കേട്ടിരിക്കാൻ എനിക്ക് ഇഷ്ടമായിരുന്നു. ദീർഘമായ കഥപറച്ചിൽ കാരണം പലരും വേലപ്പനെ ഒഴിവാക്കിയിരുന്നു. വേലപ്പൻ പറയുന്നത്ര വിശദമായി കേട്ടിരിക്കാനുള്ള ക്ഷമ പലർക്കും ഇല്ലായിരുന്നു. 'തീരാത്ത ബന്ധങ്ങ'ളുടെ കഥയും നിർമ്മാണവും കൂടാതെ സംവിധാനവും ഡോക്റ്റർ ആണ്.


ഡോക്റ്ററുടെ പക്കൽ പൂത്ത പണമുണ്ട്. കുതിരപ്പന്തയക്കാരൻ ആണ്. പന്തയക്കുതിരകളും അവയുടെ ലായങ്ങളും ഉണ്ട്. പിശുക്കിnte ഉസ് താദ് ആണ്.


ഡോക്ടർ സ്വന്തം അനുഭവത്തിൽ നിന്നുള്ള കഥയാണ് സിനിമയാക്കുന്നത്. ഡോക്റ്ററുടെ വീട്ടിൽ വേലയ്ക്കു നിൽക്കുന്ന പെൺകുട്ടി ശരിക്കും വേലക്കാരി അല്ലെന്നും ഡോക്ടറുടെ മകൾ ആണെന്നും എല്ലാവര്ക്കും അറിയാം. സംവിധാനം എന്ന് അദ്ദേഹത്തിന്റെ പേര് ഉണ്ടെങ്കിലും ശരിക്കും സംവിധായകൻ വേലപ്പൻ ആണ്. 16 എംഎമ്മിൽ ആണ് സിനിമ ഷൂട്ട് ചെയ്യുന്നത്. പിന്നെ ബ്ലോ അപ്പ് ചെയ്തു 35 എംഎം ആക്കാം. അതിന്റെ സാങ്കേതിക പ്രശ്നങ്ങളെപ്പറ്റിയും 16 എംഎം 35 എംഎം ആക്കുമ്പോഴത്തെ ക്ലാരിറ്റിയെപ്പറ്റിയും ഒക്കെ വേലപ്പൻ സംസാരിക്കും. ഛായാഗ്രഹണത്തിൽ ശ്രദ്ധിച്ചാൽ അത്തരം പ്രശ്നങ്ങളെ മറികടക്കാൻ കഴിയും. 16 എംഎമ്മിന്റെ സാധ്യതകളെപ്പറ്റി ഞാൻ കൂടുതൽ ചിന്തിക്കാൻ തുടങ്ങി. സുധാകരൻ സംസാരിക്കുന്നത് 16 എംഎം ഡോക്യൂമെന്ററിയെപ്പറ്റിയാണ്. വേലപ്പൻ സംസാരിക്കുന്നത് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പ്രൊജക്റ്റിനെപ്പറ്റിയാണ്.


കണ്ണൻ നാരായണൻ ആണ് ക്യാമറാമാൻ. അദ്ദേഹത്തെ ഞാൻ മുമ്പ് കണ്ടിട്ടുണ്ട്. ഞങ്ങളുടെ നാട്ടിൽ സ്കിന്നർപുരം എസ്റ്റേറ്റിൽ 'മറ്റൊരു കർണ്ണൻ' എന്നൊരു സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോൾ രണ്ടു യൂണിറ്റുകൾ ഉണ്ടായിരുന്നു. ഒരു ആരിഫ്ലെക്സ് ക്യാമറയും. കൂറ്റൻ ഒരു മിച്ചൽ ക്യാമറയും. മിച്ചൽ ക്യാമറയുടെ ഫോട്ടോഗ്രാഫർ കണ്ണൻ നാരായണൻ ആയിരുന്നു. സംവിധായകൻ ശശികുമാർ മിച്ചൽ ക്യാമറയിൽ സീനുകൾ എടുക്കുന്നു. ആരിഫ്ലെക്സിൽ തമ്പി കണ്ണന്താനം പാട്ടുസീൻ എടുക്കുന്നു. തടിച്ച് ഉയരമുള്ള ഒരു കൊമ്പൻമീശക്കാരൻ ആണ് കണ്ണൻ നാരായണൻ . അന്ന് അദ്ദേഹത്തിന്റെ കഴുത്തിൽതൂങ്ങിക്കിടക്കുന്ന കൗതുകകരമായ ഒരു സാധനമായിട്ടാണ് എക്സ്പൊഷർമീറ്റർ ഞാൻ ആദ്യം കാണുന്നത്. 16 എംഎംന്റെ ചെറിയ ക്യാമറ കണ്ണൻ നാരായണൻ ഓപ്പറേറ്റ് ചെയ്യുന്നത് ഞാൻ സങ്കൽപ്പിച്ചു നോക്കി. പദ്മരാജന്റെ ആദ്യസിനിമയായ പെരുവഴിയമ്പലത്തിന്റെ ഛായാഗ്രഹണം കണ്ണൻ നാരായണൻ ആയിരുന്നു.


'തീരാത്ത ബന്ധങ്ങ'ളുടെ ഹീറോ ഒരു പുതുമുഖമാണ്. പത്രപ്പാരസ്യങ്ങളിലൂടെ ഫോട്ടോയുംമറ്റും ക്ഷണിച്ച് പലതവണ ഇന്റർവ്യൂ ഒക്കെ നടത്തിയാണ് (അന്ന് ഓഡിഷൻ എന്ന വാക്ക് ഉപയോഗിച്ചിരുന്നത് പാട്ടുകാർക്കു വേണ്ടി മാത്രമായിരുന്നു) നായകനെയും നായികയെയും തെരെഞ്ഞെടുത്തത്. നായകൻ മൂവാറ്റുപുഴക്കാരൻ ആണ്. പേര് ബാബു. മൂവാറ്റുപുഴയിൽ അക്കാലത്തുണ്ടായിരുന്ന വൈൻ ഷാപ്പിന്റെ മാനേജർ ആയിരുന്നു. ബിഎ ക്കാരൻ ആണ്. ജയശ്രീ എന്നൊരു പെൺകുട്ടിയാണ് നായിക. 'തീരാത്ത ബന്ധങ്ങ'ളുടെ കോസ്റ്റ്യൂമർ രാമചന്ദ്രൻ ചേട്ടനാണ്. രാമചന്ദ്രൻചേട്ടന്റെ വീട്ടിൽ വച്ച് ബാബുവിനെ ഞാൻ കണ്ടിട്ടുണ്ട്. ബാബുവും പി.എൻ.മേനോന്റെ അസിസ്റ്റന്റ് മക്കടെ ദേവദാസും ഒരുമിച്ചു സുബ്ബരായനഗറിൽ ആണ് താമസിക്കുന്നത്. അവിടെ എന്നെക്കൂടി താമസിപ്പിക്കാൻ ബാബുവും ദേവദാസും സമ്മതിച്ചിട്ടുണ്ട്. അങ്ങോട്ടാണ് രാമചന്ദ്രൻചേട്ടന്റെ കൂടെ ഞാൻ പോകുന്നത്.


ടു ലെറ്റ് ലോഡ്ജിന്റെ അടുത്തുകൂടിയുള്ള വഴിയേ മുരളീ മൂവീസിന്റെ ഓഫീസിനടുത്തുകൂടി (ഇപ്പോൾ അടഞ്ഞു കിടക്കുന്നു. കുറേക്കാലം മുമ്പ് വരെ ഐ വി ശശി, നിർമ്മാതാവ് രാമചന്ദ്രൻ, സുകുമാരൻ, കുതിരവട്ടം പപ്പു മുതലായവരൊക്കെ അവിടെ താമസിച്ചിരുന്നു), തെലുങ്ക് സിനിമകളുടെ മലയാളം ഡബ്ബിബിഗ് പതിപ്പുകൾക്കു സംഭാഷണം എഴുതുന്ന പി.ജി.വാസുദേവൻ ചേട്ടന്റ വീടിനടുത്തുകൂടി, പിന്നെയും നടന്നു ഒരു വീട്ടിൽ എത്തി. അവിടെ വീട്ടുടമസ്ഥൻ തെലുങ്കനും കുടുംബവും കൂടാതെ വാടകക്കാരായ ബാബുവും ദേവദാസും മാത്രം. അതൊരു വലിയ കോമ്പൗണ്ട് ഉള്ള വീട് ആണ്. കിഴക്കേ ഭാഗത്തുള്ള രണ്ടു മുറിയും അടുക്കളയും ബാത്റൂമും ഉള്ള പോർഷനിലാണ് വാടകക്കാർ. എന്നെ അവിടെ കൊണ്ടാക്കിയിട്ടു രാമചന്ദ്രൻ ചേട്ടൻ പോയി. ബാബുവും ദേവദാസുമായി ഞാൻ പെട്ടെന്നുതന്നെ കൂട്ടായി.


ബാബു ഹീറോ ആണ്. അതിന്റെ ഒരു മസിലുപിടുത്തം ഒന്നും ഇല്ല. കണ്ടാൽ അടുത്ത് റിലീസ് ആവുന്ന പടത്തിലെ മോഹൻലാൽ എന്ന വില്ലന്റെ ഒരു ലുക്കുണ്ട് എന്ന് ആളുകൾ പറയുന്നുണ്ട്. ബാബു എന്നും രാവിലെ റെഡിയായി ഷൂട്ടിങ്ങിനു പോകും. രാവിലെ ഏഴു മണിയാവുമ്പോൾ കാർ വരും. അതിൽ ത്തന്നെയാണ് കോസ്റ്റ്യൂം ബോക്‌സും ഡിക്കിയിൽകയറ്റി രാമചന്ദ്രൻചേട്ടനും പോകുന്നത്. കോടമ്പാക്കത്തു നിന്നും വേറെ ആരും കയറാൻ ഇല്ല.

ഒരു ദിവസം വൈകിട്ട് ഷൂട്ടിങ് കഴിഞ്ഞിട്ട് വന്ന ദിവസം ബാബു പറഞ്ഞു. ഇയാളെ രാമചന്ദ്രൻചേട്ടൻ അന്വേഷിക്കുന്നുണ്ട്. അവിടെ ചെന്ന് കാണ്.
ഞാൻ ടു ലെറ്റ് ലോഡ്ജിനെത്തിവശത്തുള്ള കടയിൽ നിന്നു വെറ്റില ചവയ്ക്കുന്ന രാമചന്ദ്രൻ ചേട്ടനെ കണ്ടു. ചേട്ടൻ എന്നോട് പറഞ്ഞു :
നിന്നോട് ഒരു കാര്യം പറയാനുണ്ട്. നീയും നാളെ ഷൂട്ടിങ്ങിനു പോരൂ. ഔട്ഡോർ ആണ്. ഒരു പ്രൊഡക്ഷൻ ബോയ് വേണം. നീ വാ. നാളെ ഒരു ദിവസത്തേക്ക് മതി. അവിടെ വെറുതെ ഇരിക്കേണ്ട.
പ്രൊഡക്ഷൻ ബോയ് യോ ?


എന്തായാലെന്താ? വൈന്നേരമാവുമ്പോൾ കാശു കൈയിൽകെക്കിട്ടുന്ന കാര്യമാണ്. രാവിലെ ബാബു വരുമ്പോൾ കൂടെ വന്നാൽ മതി. അങ്ങനെ പിറ്റേന്ന് സാധാരണ ഹീറോയും കോസ്റ്റ്യൂമറും പോകാറുള്ള കാറിൽ ആ ദിവസത്തേക്കുമാത്രം പ്രൊഡക്ഷൻബോയ് ആകാൻ പോകുന്ന ഞാനും കയറി.


കോവളം എന്ന സ്ഥലത്താണ് ഷൂട്ടിംഗ്. മദ്രാസിൽ നിന്ന് മാമ്മല്ലപുറത്തേക്കുള്ള വഴിക്കാണ് മുക്കുവരുടെ ഗ്രാമമായ കോവളം. പേര് തന്നെ കൗതുകകരമായി തോന്നി. കോവളം വഴി ഞാൻ പോയിട്ടുണ്ട്. കയ്യിൽ കാശുള്ളപ്പോൾ സീറ്റുള്ള ബസ് വന്നാൽ അതിൽക്കയറി അതിന്റെ അവസാന സ്റ്റോപ്പ്‌ വരെ ചുമ്മാ സഞ്ചരിക്കുന്ന ശീലം അന്നും ഉണ്ടായിരുന്നു. അങ്ങനെ ഒരിക്കൽ മാമ്മല്ലപുരത്ത് (മഹാബലിപുരം) പോകുമ്പോൾ ആ വഴിയിലാണ് കോവളം ഗ്രാമം കണ്ടത്. വിശാലമായ കടൽത്തീരത്ത് മരുഭൂമിപോലെയുള്ള മണൽ ഞൊറിവുകൾ കാണാം. കാറ്റാടിമരക്കാടുകളും ധാരാളം.


കോവലത്തെത്തിയപ്പോൾ ആദ്യം ശ്രദ്ധിച്ചത് ഒരു ചെറിയ ക്യാമറയ്ക്കു പിന്നിൽ നിൽക്കുന്ന വലിയൊരു മനുഷ്യനെയാണ് - കണ്ണൻ നാരായണൻ. ബാബു കാറില്നിന്നിറങ്ങിയപാടെ മേക്കപ്മാന്റെ അടുത്തേക്ക് പോയി. രാമചന്ദ്രൻ ചേട്ടൻ എന്നെയും കൊണ്ട് പ്രൊഡക്ഷൻ മാനേജരുടെ അടുത്ത് ചെന്നു. വേറെ രണ്ടു പേരുണ്ട്. അവർ ആഹാരകാര്യങ്ങൾഎ ചുമതലയുള്ളവരാണ്. ഞാൻ ലൊക്കേഷനിൽ ഉള്ളവർക്ക് ചായയ്യൻ വെള്ളവും മാത്രം കൊടുത്താൽ മതി. ഗ്ലാസ് സ്റ്റാൻഡും കെറ്റിലും എപ്പോഴും കയ്യിൽ വേണം. ഒരു പാട്ടു സീൻ ആണ്. കൊറിയോഗ്രാഫറം നാഗരക്കാരനും കൂടി കഷ്ണം കഷണമായി പാട്ട് സീൻ എടുക്കുകയാണ്. ക്യാമറ എവിടെ വയ്ക്കണം, സ്റ്റാർട്ട് ആക്ഷൻ, കട്ട് ഇതൊക്കെ വേലപ്പൻ ആണു പറയുന്നത്. കടൽത്തിത്തീർത് നായികാനായകന്മാർ ഓടിയും നടന്നും നിന്നും ഒക്കെ പാട്ടുപാടി പ്രേമിക്കുന്നു. മീന്പിടുത്തക്കാരും തട്ടുകെട്ടി മീൻ ഉണക്കുന്ന തൊഴിലാളികളും ഒക്കെ ഷൂട്ടിംഗ് കാണാൻ കൂട്ടം കൂടി. വെള്ള ചായയും കൊടുക്കാൻ നിന്ന എനിക്ക് വൈകുന്നേരം ആയപ്പോൾ 35 രൂപ കൂലി കിട്ടി. ഒരാഴ്ച സുഭിക്ഷമായി കഴിയാനുള്ള വകയുണ്ട്. (കൂലിവേലയ്ക്ക് അന്ന് മദിരാശിയിൽ എട്ടു രൂപയാണ് ദിവസക്കൂലി). ബാബു എന്നോട് പരിചയഭാവം പോലും കാണിച്ചില്ല. രാമചന്ദ്രൻ ചേട്ടന് സന്തോഷം. വൈകിട്ട് ബാബുവിനും ദേവദാസിനും എന്റെ പ്രൊഡക്ഷൻ ബോയ്‌പ്പണി ആയിരുന്നു സംസാര വിഷയം. തിരക്കഥ, സഹസംവിധാനം, പ്രൊഡക്ഷൻ അസിസ്റ്റന്റ് .. ഇതൊക്കെയായി. പ്രൊഡക്ഷൻ ബോയിയുടെ പണി സ്ഥിരമായി ചെയ്യാം എന്ന് ആലോചിച്ചിട്ടും കാര്യമില്ല - അതിനു അവരുടെ യൂണിയനിൽ അംഗത്വം വേണം. അതൊരു കുറഞ്ഞ പണി ആണ്എന്നുള്ള തോന്നൽ വേറെ. തിരക്കഥ, സംവിധാനം ഇതൊക്കെയാണല്ലോ നമ്മുടെ ലക്‌ഷ്യം.


ഇനി കുറച്ചു ദിവസത്തേക്ക് ഷൂട്ടിംഗ് ഇല്ല. ഡോക്റ്റർ അമേരിക്കയിൽ പോവുകയാണ്. ബാബുവും ദേവദാസും ഞാനും മുറിയിലിരുന്നു ചീട്ടു കളിക്കും. സിഗററ്റുവലിയാണ് പ്രധാന പണി. ചോറും (ഉള്ളിയും തക്കാളിയും മുളകുപൊടിയും മഞ്ഞളും മല്ലിപ്പൊടിയും ഉപ്പും മീനും എല്ലാം കൂടി ഒന്നിച്ചു തിളപ്പിച്ചെടുത്ത) മീൻകറിയുമാണ് ഉച്ചയ്ക്കും വൈകിട്ടും. ഇടയ്ക്കു വേണു വഴുതക്കാട് വരും. തിരുവനന്തപുരം ഭാഷയിലെ തമാശകൾ പറയും.


അങ്ങനെയിരിക്കെ ഒരു ദിവസം ബാബുവിനെ തേടി ഒരു പ്രൊഡക്ഷൻ മാനേജർ വന്നു. അപ്പൊത്തന്നെ പുറപ്പെടണം. ശാരദ സ്റ്റുഡിയോയിൽ ഒരു പുതിയ പടത്തിന്റ വർക്ക് ഉണ്ട്. നാലഞ്ച് സീനുകൾ ഉണ്ട്. രണ്ടോ മൂന്നോ ദിവസത്തെ ഷൂട്ടിങ്ങിനു ചെല്ലണം.

'തീരാത്ത ബന്ധങ്ങൾ' എന്ന് തീരുമെന്നറിയില്ല. ഷൂട്ടിങ് തുടങ്ങിയിട്ട് ഒരു മാസത്തിലേറെയായി. എടുത്ത ഭാഗങ്ങൾ തന്നെ വീണ്ടും എടുക്കുന്നുണ്ട്. റഷസ് കണ്ടു കഴിഞ്ഞാൽ വേലപ്പനോട് ഡോക്റ്റർ പറയും : എഡോ ഡയറക്റ്റർ, അത് ഇച്ചിരി കൂടി മാറ്റി ഞാൻ പറയുന്ന പോലെ ആക്കണം. ഡോക്റ്റർക്കു റഷസ് കാണുമ്പൊൾ തോന്നുന്ന കാര്യങ്ങൾ വീണ്ടും ഷൂട്ട്‌ ചെയ്തു ചേർക്കണമെന്നാണ് പറയുന്നത്. ബാബുവിന് മാസശമ്പളം ആണ്. മൂവാറ്റുപുഷയിലെ വൈൻഷാപ്പിലെ മാനേജർപണിയിൽ നിന്നും കിട്ടുന്നതിന്റെ ഇരട്ടിയിലേറെ മാസം കിട്ടും. മറ്റു പടങ്ങളിൽ അഭിനയിക്കരുത് എന്ന നിബന്ധനയൊന്നും ഇല്ല. അതിനാൽ ബാബു ഒരു ടാക്സി വിളിച്ച് ശാരദാ സ്റ്റുഡിയോയിലേക്ക് പോയി. അവിടെച്ചെന്നു ഡയറക്റ്ററുമായി കണ്ടു. വേറൊരു പടത്തിലെ ഹീറോ ആണ്. എങ്കിലും ഈ പടത്തിൽ ചെറിയ റോളിൽ അഭിനയിക്കുന്നതിൽ ബാബുവിന് പ്രശ്നം ഒന്നമില്ല. മേക്കപ്പ് ഇട്ടു.


ഞങ്ങൾ ബാബുവിന്റെ കാര്യം ചർച്ച ചെയ്തു കൊണ്ടിരിക്കെ ശശികല മലയാളം പഠിക്കാൻ വന്നു. അവൾ മലയാളം കൂട്ടക്ഷരങ്ങൾ എഴുതാൻ തുടങ്ങിയിരിക്കുന്നു. ഞാൻ തെലുങ്ക് ക കാ കി കീ യിൽ എത്തിയിട്ടേയുള്ളു. മഴ ചാറുന്നുണ്ട്. ഞങ്ങളുടെ പഠനം പുരോഗമിക്കുമ്പോൾ ബാബു തിരികെ വന്നു. രാത്രിയിലേ തിരികെയെത്തുകയുള്ളുവെന്നു പറഞ്ഞു പോയ ബാബു നേരത്തെ തിരിച്ചെത്തിയതെന്താണ്?

ബാബു വിവരം പറഞ്ഞു :
മേക്കപ്പ് തീരാറായപ്പോഴാണ് ഷൂട്ടിങ് നിർത്തി വയ്ക്കുകയാണെന്നു പറഞ്ഞു സംവിധായകൻ പായ്‌ക്കപ്പ് പറഞ്ഞത്. എല്ലാ മലയാള സിനിമകളുടെയും ഷൂട്ടിങ് നിർത്തി വച്ചിരിക്കുന്നു. ബാബു പറഞ്ഞ വാർത്ത കേട്ട് ഞങ്ങൾ തരിച്ചിരുന്നു : ഷോലവാരത്ത് ഹെലികോപ്റ്റർ അപകടത്തിൽ ജയൻ മരിച്ചു!! ബാലൻ കെ നായരുടെ നില ഗുരുതരമാണ്.


പിന്നെ ഒരിക്കലും ശാരദാ സ്റ്റുഡിയോയിലെ ആ സിനിമയുടെ ഷൂട്ടിങ്ങിനു പോകാൻ ബാബുവിനു കഴിഞ്ഞില്ല. കാരണം ജയന്റെ അഭാവത്തിൽ ആ പടത്തിന്റെ നിർമ്മാണം മുടങ്ങിപ്പോയി.

ബാബു നായകനായി അഭിനയിച്ച സിനിമ 'തീരാത്ത ബന്ധങ്ങൾ' ആ പേര് പോലെ തന്നെ ഷൂട്ടിങ് നീണ്ടുനീണ്ടു പോയി.. കണ്ണൻ നാരായണൻ അതിൽ നിന്ന് മാറി. തിരക്കഥ മാറ്റിയെഴുതിയും സംവിധാനം ചെയ്തും വേലപ്പൻ മടുത്തു. 1982ൽ ആ സിനിമ റിലീസായെങ്കിലും രണ്ടു ദിവസങ്ങൾക്കു ശേഷം തിയ്യേറ്ററിൽ നിന്നു മടങ്ങി. 16 MM ക്യാമറ ഡോക്റ്ററുടെ ഷോകേസിനെ അലങ്കരിച്ചു. ബാബു കുറെക്കാലംകൂടി മദിരാശിയിൽ ഉണ്ടായിരുന്നു. ഇപ്പോൾ എവിടെയാണെന്ന് അറിയില്ല.

23 വrshaങ്ങൾക്കുശേഷം ഞാൻ ബാംഗ്ലൂരിൽ താമസമാക്കാൻ വന്ന ആദ്യ ദിവസം. ഒരു സുഹൃത്തിന്റെ വീട്ടിലാണ് കുടുംബസമേതം തൽക്കാലം താമസിക്കുന്നത്. അവിടെ എത്തിയപ്പോൾ അപ്പുറത്തെ വലിയ വീടിന്റെ മുകൾനിലയിൽ ബാൽക്കണിയിൽ വസ്ത്രങ്ങൾ ഉണക്കാനിടുന്ന വീട്ടമ്മയെ എനിക്ക് നല്ല പരിചയം തോന്നി. ഞാൻ തിരിച്ചറിഞ്ഞു. അത് ശശികല ആയിരുന്നു.

ഞാൻ പഠിപ്പിച്ച മലയാളം അവൾ അന്നേ നന്നായി പഠിച്ചിരുന്നു. അവൾ പഠിപ്പിച്ച തെലുങ്കൊക്കെ ഞാൻ എന്നേ മറന്നു പോയി.
(Copyight Reseved)





അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Not 'Shaw 'but The Show : MUNSHI PARAMU PILLAI

സിനിമാപ്രേമി (13) :: ബ്രഹ്മാനന്ദനും രവിയേട്ടനും പിന്നെ പി.കെ.ഏബ്രഹാം , രതീഷ് മുതലായവരും

സുഗതകുമാരിയുടെ രചനയെ ആസ്പദമാക്കിയുള്ള (ഒരേ) ഒരു ചലച്ചിത്രം