സിനിമാപ്രേമി (4) : C/o ന്യൂ ഓ കെ സ്റ്റോഴ്സ്, ഓവർബ്രിഡ്ജിനു സമീപം, ആർക്കോട്ട് റോഡ്, കോടമ്പാക്കം., മദാസ്‌ 600024.

 എസ്. സലിംകുമാർ 

  


1978-1982 കാലത്ത്  മദ്രാസിൽ സിനിമാ രംഗത്ത്  ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. സഹസംവിധായകൻ, പ്രൊഡക്ഷൻ ബോയ്‌, മേക്ക്അപ് സഹായി, തിരക്കഥാകൃത്ത് അങ്ങനെ പല പ്രവൃത്തികൾ. അന്നത്തെ അനുഭവങ്ങൾ അമ്പതോളം അധ്യായങ്ങളുള്ള ഒരു പുസ്തമാക്കുവാനുള്ള നടപടികൾ നടക്കുന്നു. ചില അധ്യായങ്ങൾ ഇവിടെ കൊടുക്കുന്നു. 'സിനിമാപ്രേമി' എന്നാണ് പുസ്തകത്തിൻ്റെ പേര്. പ്രശസ്തരും അപ്രശസ്തരുമായ നിവധി ആളുകളെ ഇതിൽ കാണാം.


അക്കാലത്ത്  ചെന്നൈ എന്ന് മദ്രാസിന്റെ പേര് ഔദ്യോഗികമായി മാറിയിട്ടില്ല. ഇംഗ്ലീഷിൽ മദ്രാസ് എന്നും മലയാളത്തിൽ മദിരാശി എന്നും അറിയപ്പെടുയുന്ന ഈ നഗരം തമിഴന് അന്നും എന്നും ചെന്നൈ തന്നെയാണ്. മദ്രാസ് എന്ന് ലോകം മൊത്തം അറിയപ്പെടുമ്പോഴും തമിഴ് പത്രങ്ങളിൽ ചെന്നൈ എന്ന് തന്നെയാണ് അച്ചടിച്ചിരുന്നത്. എനിക്ക് ഒമ്പതാം ക്‌ളാസ്സുമുതൽ തമിഴ് വായിക്കാനും എഴുതാനും അറിയാം. ഏഴാം ക്‌ളാസിൽ വച്ചേ ഞാൻ തമിഴ് അക്ഷരങ്ങൾ പഠിച്ചിരുന്നു. (അത് വേറൊരു കഥയാണ്). 

ഒരു ദിവസം രാവിലെ എഗ്മോർ സ്റ്റേഷനിൽ ആണ് തീവണ്ടി ഇറങ്ങിയത്. കൊല്ലം മദ്രാസ് മീറ്റർ ഗേജ്   സജീവമായിരുന്ന സമയമാണ്. പുനലൂരിൽ നിന്നും മദ്രാസിനു ടിക്കറ്റെടുത്ത്  മൂന്നാം ക്‌ളാസ്  കമ്പാർട്മെന്റിൽ ആയിരുന്നു യാത്ര. ആര്യങ്കാവ് മലകളുടെ സൗന്ദര്യവും ഞങ്ങളൊക്കെ പാണ്ടി എന്ന് പറഞ്ഞിരുന്ന തമിഴ്‌നാടൻ പ്രദേശങ്ങളുടെ പ്രാചീനതയുമൊക്കെ താണ്ടി നടത്തിയ ആ യാത്രയിലാണ് സൂര്യകാന്തില്പ്പാദങ്ങൾ ഞാൻ ആദ്യം കാണുന്നത്. അങ്ങനെർ പലതും. എഗ്‌മോറിൽ ഇറങ്ങിയിട്ട് അവിടുന്ന് ഇലക്ട്രിക് ട്രെയിനിൽ കോടമ്പാക്കം സ്റ്റേഷനിൽ  ഇറങ്ങി നടക്കുമ്പോൾ എതിരെ വന്നയലിനെ ഞാൻ തിരിച്ചറിഞ്ഞു - കാഥികൻ കൊല്ലം ബാബു. അദ്ദേഹത്തിന്റെ കഥാപ്രസംഗം പലതവണ കേട്ടിട്ടുണ്ട്.  ഞങ്ങൾ അങ്ങോട്ട്കൂ കയറി സംസാരിച്ചു. കൂടെയുള്ള സ്വല്പം മുഷിഞ്ഞ വേഷത്തിലുള്ള ആളിനെ നല്ല മുഖപരിചയം തോന്നി. അദ്ദേഹത്തെ ചൂണ്ടി കൊല്ലം ബാബു പറഞ്ഞു : ഇത് പാപ്പനംകോട് ലക്ഷ്മണൻ. 
അന്നത്തെ പേരുകേട്ട നാടകരചയിതാവും ഗാനരചയിട്യവും തിരക്കഥാകൃത്തുമാണ് പാപ്പനംകോട് ലക്ഷ്മണൻ. കൊല്ലം ബാബുവിന്റെ പല കഥാപ്രസംഗങ്ങളും എഴുതിയിരിക്കുന്നത് പാപ്പനംകോട് ലക്ഷ്മണൻ ആണ്.

പിന്നെയും നടന്നു ഓവർബ്രിഡ്ജിനടുത് ലിബർട്ടി ജങ്ഷനിൽ എത്തി. കോടമ്പാക്കം ഓവർബ്രിഡ്ജിനു കീഴിൽ നിന്ന് മുതലാണ്. കിഴക്കേഭാഗത്തു ലിബർട്ടി തിയ്യേറ്റർ ഉണ്ട്. അതിനാൽ ആ ജങ്ഷനും ബസ് സ്റ്റോപ്പിനും ലിബർട്ടി എന്നാണു പറയുന്നത്. 
അതിനടുത്തു തന്നെ ഒരു കോളജ്. 


ആദ്യ ദിവസം ഞങ്ങൾ താമസിച്ചത് അപ്സര ലോഡ്ജിലെ പത്തൊമ്പതാം നമ്പർ മുറിയിൽ ആണ്. ബാലചന്ദ്രമേനോൻ നാന ലേഖകൻ ആയിരുന്നപ്പോഴും  ഉത്രാടരാതി സംവിധാനം ചെയ്യുന്നത് വരെയും താമസിച്ചിരുന്നത് ആ മുറിയിൽ ആയിരുന്നു. . അക്കാലത്തു മോഹനൻ (കൂടെയുള്ള സുഹൃത്ത്) ഇവിടെ വന്നു ബാലചന്ദ്രമേനോനെ കണ്ടിട്ടുണ്ട്.  മേനോൻ ആ മുറി ഒഴിഞ്ഞിട്ട് അധിക നാളുകൾ ആയിട്ടില്ല. ഒരു ദിവസം ഞങ്ങൾ അവിടെ താമസിച്ചു. 

വേറൊരു താമസ സ്ഥലം കണ്ടെത്താമെന്നു മോഹനൻ പറഞ്ഞു. ഒരു ദിവസം ബാലേട്ടന്റെ മുറിയിൽ കഴിഞ്ഞു. ലിബർട്ടിക്കടുത്തുള്ള വലിയ ഹോട്ടലിൽ സപ്പ്ലയർ ആണ് ബാലേട്ടൻ. കറുത്ത് തനിച്ച ശരീരം. ചീകാത്ത ചുരുളൻ മുടി കിരീടം പോലെ. ചില മുടിച്ചുരുളുകൾ നെറ്റിയിലേക്ക് വീണു കിടക്കും. അടുത്തൊരു കെട്ടിടത്തിൽ ഒഴിവുസമയത്ത് ഹോട്ടൽത്തൊഴിലാളികൾ പല സംഘങ്ങളായി ഇരുന്നു ചീട്ടു കളിക്കും. റോഡരുകിൽത്തന്നെയുള്ള ആ കെട്ടിടം ഹോട്ടൽതൊഴിലാളികൾക്കു താമസിക്കുവാൻ ഹോട്ടലുടമ വിട്ടു കൊടുത്തതായിരുന്നു. അവിടെ പോയാണ് ബാലേട്ടനെ കണ്ടത്. ബാഗുമായി ഞങ്ങൾ അവിടെ പോയി. അന്ന് ബാലേട്ടൻ വരില്ലെന്ന് പറഞ്ഞു. കൂട്ടുകാർക്കൊപ്പം പാതിരാ വരെ ചീട്ടുകളി ഉണ്ടാവണം. 

ഞങ്ങൾ അന്ന്   ബാലേട്ടൻ്റെ  മുറിയിൽ    കിടന്നുറങ്ങി. അതിന്റെ മുറ്റത്തെ കിണറ്റിൽ നിന്നു വെള്ളം കോരി തുണയാലക്കി ഉണക്കി, കുളിച്ചു.  ഉപ്പുവെള്ളമാണ്. മുടി ചകിരിപോലെ ആയി. ഒരു ദിവസമൊക്കെ അങ്ങനെ അവിടെ  കഴിയാം . വീട്ടുടമസ്ഥൻ അറിഞ്ഞാൽ കുഴപ്പമാണ്. പിറ്റേന്നുതന്നെ മാറണം. എങ്ങോട്ടു മാറാൻ പറ്റും ?
.
പക്ഷെ ചെന്നതിൻ്റെ  അന്നു  തന്നെ വീട്ടിലേക്കു കത്തെഴുതുകയും കത്ത് കിട്ടാനുള്ള മേൽവിലാസം അതിൽ എഴുതുകയും  ചെയ്തു.   c/o ന്യൂ ഓ.കെ.സ്റ്റോർ. ഓവബ്രിഡ്ജിനു സമീപം, ആർക്കോട്ട്  റോഡ്, കോടമ്പാക്കം., മദാസ്‌ 600024.  'ആരുമില്ലാത്തവർക്ക്‌  ദൈവം തുണ' എന്നു പറയുന്നതുപോലെ 'അഡ്രസ്സില്ലാത്തവർക്ക് ന്യൂ ഓ.കെ.സ്റ്റോർ തുണ'  എന്നതായിരുന്നു കോടംപാക്കത്തെ ഒരു നന്മ.   ആ C/o അഡ്രസ്സിൽ കാർഡിലും ഇൻലാൻഡിലും കവറിലും വാങ്ങുന്ന കത്തുകൾ മാത്രമല്ല മണി ഓർഡറും ടെലിഗ്രാമും ഒക്കെ എത്രയോ പേർക്ക് ഓരോ ദിവസവും  വന്നിരുന്നു! നമ്മളെ അറിയുന്ന ആരെങ്കിലും അവിടെച്ചെന്നാൽ മണിഓർഡർ വന്ന  കാര്യം അവരോടു പറഞ്ഞുവിടും.   

ചെന്ന് കുറച്ചു ദിവസങ്ങൾ കഴിഞ്ഞു ഞാൻ താമസമാക്കിയ ചൂളൈമേട് റോഡിലെ പോസ്റ്റുമാൻ വാരാത്ത ഒരു ചേരിയിലെ  വീട്ടിൽ താമസിച്ചപ്പോഴും തപാൽ മേൽവിലാസം  c/o ന്യൂ ഓ.കെ.സ്റ്റോർ തന്നെ ആയിരുന്നു. 

(Copyright Reserved)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Not 'Shaw 'but The Show : MUNSHI PARAMU PILLAI

Statue of Reverend Ferdinand Kittel (1832-1903) Near Mayo Hall, MG.road, Bangalore :: photo by S.Salim Kumar

സിനിമാപ്രേമി (13) :: ബ്രഹ്മാനന്ദനും രവിയേട്ടനും പിന്നെ പി.കെ.ഏബ്രഹാം , രതീഷ് മുതലായവരും