മേശയും കസേരയും : ദ്വയാങ്ക നാടകം
എസ്. സലിംകുമാർ
സീൻ ൧
മറുനാട്ടിലെ ഒരു പത്രം ഓഫീസ്. ക്യൂബിക്കിളുകളിൽ ഓരോ യുവാക്കൾ. ഒരാൾ ഫ്രഞ്ച് താടി (ബ്യുറോ ചീഫ്). ഒരാൾ കട്ടിമീശ (റിപ്പോർട്ടർ). ഒരാൾ ക്ളീൻ ഷേവ് (മാനേജർ ).
ചീഫ് കമ്പ്യൂട്ടറിൽ മുഴുകി ഇരിക്കുന്നു. റിപ്പോർട്ടർ ചിന്താവിഷ്ടൻ.മാനേജർ തടിയൻ പുസ്തകം മറിച്ചു നോക്കുന്നു.
ചീഫ്: ഇന്നത്തെ വാർത്തകൾ എന്തൊക്കെയാടേ ?
റിപ്പോർട്ടർ : വാർത്തയൊന്നും ഇല്ല സാറേ. ഇത് വരെ റിലീസൊന്നും വന്നില്ല. ഇന്നിനി എന്തോടുക്കും?
ചീഫ്: ഇംഗ്ളീഷ് പത്രം വന്നില്ലാരുന്നോ ?
റിപ്പോർട്ടർ: ഇല്ല, ഇന്നലെ പത്രങ്ങൾ അവധി അല്ലാരുന്നോ ...
ചീഫ് : ഞാൻ അത്നെ മറന്നു .. നീ നെറ്റ് നോക്കിയില്യോ ?
റിപ്പോർട്ടർ: നോക്കി. പക്ഷെ ഇവിടുത്തെ വാർത്തകൾ ഇല്ല.
ചീഫ്: ഇവിടുത്തെ പത്രങ്ങളുടെ സൈറ്റ് നോക്കെടേ . നാളെ മൂന്നാം പേജിൽ പരസ്യം ഒന്നും ഇല്ല. ഫുൾ പേജ് വാർത്ത നിറയ്ക്കണം. താൻ ഇവിടെ താടിക്കു കയ്യും കൊടുത്തിരുന്നാൽ എങ്ങനെയാ? (സ്വന്തം താടി തടവുന്നു) വാർത്ത ഉണ്ടാക്കെടേ .. ഇതൊന്നും ഇയാള് പഠിച്ചിട്ടില്ലേ ? ട്രെയിനിങ്ങിന് ഇതൊക്കെ പഠിപ്പിച്ചതല്ലേ? എന്നിട്ടും എന്താഡേ ഇത്ര വൈക്ലബ്യം?
റിപ്പോർട്ടർ: അത് ക്ലബ്ബിൽ പോവാഞ്ഞിട്ടാ
ചീഫ്: ഇയാൾ ഇപ്പം എങ്ങും പോവണ്ടാ . ഇന്നത്തെ ഇംഗ്ലീഷ് പത്രത്തിലും നെറ്റിലും ഒന്നും ഇല്ലെങ്കിൽ കേരളത്തിലേക്കുള്ള ട്രെയ്‌നിന്റെയും ബസ്സിന്റെയും റിസർവേഷൻ ചാർട്ട് നോക്കി അതങ്ങു കാച്ചിയേര്. പട്ടികയായിട്ടു കൊടുക്കണ്ട, നല്ല പത്രഗദ്യത്തിൽ വിശദമായി കൊടുത്താൽ അരപ്പേജ് അത് കൊണ്ട് തികയ്ക്കാം. ബാക്കി അരപ്പേജിനു ദൈവം ഒരു വഴി കാണിച്ചു തരും....... മറ്റവന്മാർക്കു കിട്ടുന്ന വാർത്തകൾ പലപ്പോഴും നമ്മൾക്ക് കിട്ടുന്നില്ല.
റിപ്പോർട്ടർ: അവര് രണ്ടു ഇംഗ്ലീഷ് പത്രം കൂടുതൽ വരുത്തുന്നുണ്ട്. ഫീൽഡിലും പോവും...അതിൽ ഒരുത്തനു ലോക്കൽ ലാങ്‌വേജു൦ അറിയാം...
(ഫോൺ ബെല്ലടിക്കുന്നു)
റിപ്പോർട്ടർ :(ഫോൺ എടുക്കുന്നു) ഹലോ ...
(ചീഫ് നിന്നു കൊണ്ട് കമ്പ്യൂട്ടറിൽ എന്തോ നോക്കുന്നു)
ഫോണിലെ ശബ്ദം : ഹലോ .. ഇത് വല്യപത്രത്തിന്റെ ഓഫീസ് അല്ലേ ?
റിപ്പോർട്ടർ: അതെ.
ഫോണിലെ ശബ്ദം: ഇത് മലയാളി സംഘടനയിൽ നിന്ന് ഞാൻ ആണ്... സെക്രട്ടറി പശുപാലൻ ..
റിപ്പോർട്ടർ: നമസ്കാരം .. പറയണം പശുപാലൻ സാർ..
ഫോണിലെ ശബ്ദം: എന്നാ മാതിരി നെറികേടാണ് നിങ്ങൾ കാണിച്ചത്. ഞങ്ങൾ പാവപ്പെട്ട പിള്ളാർക്ക് പഠിക്കാൻ പണവും പുസ്തകവും ഡ്രസ്സും ഒക്കെ കൊടുത്തു സഹായിച്ചതിൻറെ വാർത്തയും ഫോട്ടോയും കൂടിയാണ് ഈ മെയിൽ ചെയ്തത്. നിങ്ങൾ വാർത്ത മാത്രമേ കൊടുത്തുള്ളൂ. ആരടേം ഫോട്ടോ വന്നില്ല..ഞങ്ങടെ പോലും...
റിപ്പോർട്ടർ: സാർ, അത് അത്തരം സഹായം കിട്ടുന്നവർക്കു അസൗകര്യം ആയാലോ ? അവർ കുട്ടികളല്ലേ സാർ? പാവങ്ങളല്ലേ സാർ.. അവർക്കു അപകർഷതാബോധം ഉണ്ടായാൽ അത് മോശമല്ലേ? മറ്റുള്ളവർ അറിഞ്ഞാൽ മോശം ആകില്ലേ അത് കൊണ്ട് അങ്ങനെ കൊടുക്കാറില്ല സാർ. അത് പത്രത്തിന്റെ പോളിസിയാണ് സാർ.
ഫോണിലെ ശബ്ദം: എന്നാൽ ഞങ്ങളുടെ സംഘടനയ്ക്കും ചില പോളിസി ഒക്കെയിട്ടുണ്ട്. ഇതോക്കൂട്ടു പത്രങ്ങൾ പത്രങ്ങൾ ഞങ്ങളുടെ സംഘടനയുടെ അംഗങ്ങൾ ആരും വാങ്ങുന്നില്ല വായിക്കുന്നില്ല എന്ന് ഞങ്ങളങ്ങ് തീരുമാനിക്കും. നിങ്ങടെ പേരെന്താ..നിങ്ങളാരാ ? തനിക്കു മുകളിൽ ഇതിലും വലിയ കുണാണ്ടറുമാരു വല്ലോം ഉണ്ടെങ്കിൽ കൊടുക്കേടോ ഫോൺ!
റിപ്പോർട്ടർ: സാ...ർ..!
ഈ സംഭാഷണം നടക്കുന്ന സമയത്തൊക്കെ മാനേജർ കണക്കു പുസ്തകത്തിലും കംപ്യൂട്ടറിലും ഒരുപോലെ തല പൂഴ്ത്തുന്നു
റിപ്പോർട്ടർ : സാർ..
(റിപ്പോർട്ടർ ഫോൺ ചീഫിന് കണക്റ്റ് ചെയ്തു. ചീഫ് ഫോൺ എടുത്തു.
റിപ്പോർട്ടർ കംപ്യൂട്ടറിൽ മുഴുകി. ചീഫ് ഫോൺ എടുത്തു)
ചീഫ്: പത്രം ബ്യൂറോ ചീഫ് പുഷ്ക്കരൻ.പീ. പീ ഹിയർ..
ഫോണിലെ ശബ്ദം: പുഷ്ക്കരൻ പീ പീ സാറേ ..നിങ്ങടെ പത്രം വായിക്കുന്നത് ഞങ്ങളങ്ങു നിർത്താൻ പോവുവാ.. ഞങ്ങടെ സംഘടനയ്ക്ക് പത്തു നാലായിരം മെമ്പർമാരുണ്ട്. അതീന്നു നൂറു പേര് പത്രം നിർത്തിയാലും നിങ്ങടെ അണ്ഡം കീറും.. എന്നെക്കൊണ്ട് അത് ചെയ്യിക്കണ്ട..
ചീഫ്: അയ്യോ സാറേ .. അങ്ങനൊന്നും ചെയ്യല്ലേ.. സാറ് വായിച്ചില്ലെങ്കിലും വേണ്ടില്ല പത്രം വരുത്തിയാൽ മതി.. സർക്കുലേഷൻ കുറഞ്ഞാൽ എന്റെ പണി പോവും..
ഫോണിലെ ശബ്ദം: പോട്ടെന്നേ .. നാട്ടുകാർക്ക് അതാ നല്ലത്.
ചീഫ്: സാർ രോഷപ്പെടാതെ സാറേ...നമ്മക്ക് പരിഹരിക്കാം..ഒരു മേശയ്ക്കു ചുറ്റും ഇരുന്നാൽ തീരുന്ന പ്രശ്നം അല്ലേ ഒള്ളു സാറേ.. നമ്മക്ക് ഫോട്ടോ ഒക്കെ വലുതായിട്ട് അച്ചടിക്കാം.
ഫോണിലെ ശബ്ദം: ഒരു മേശയ്ക്കു ചുറ്റും എങ്ങനാടോ രണ്ടു പേര് ഇരിക്കുന്നത് ? അത്രേം ചെറിയ മേശ എവിടെയാ ഉള്ളത് ?..... എവിടുത്തെ മേശയായാലും നമ്മൾക്ക് നോക്കാം. സാറിന്റെ മൊബൈൽ നമ്പർ ഒന്ന് തന്നാൽ കൊള്ളാം .
ചീഫ്: എന്റെ നമ്പർ ഒമ്പത് ഒമ്പത്.. ഒമ്പത് ഒമ്പത് .. ഒമ്പത് ഒമ്പത്.. .ഒമ്പത് ഒമ്പത്.. ഒമ്പത് ഒമ്പത്.......
ഫോണിലെ ശബ്ദം: നല്ല നമ്പര് .. എവിടുന്നു കിട്ടി?
ചീഫ്: ആപ്പീസിൽ നിന്ന്സാ ഫ്രീ ആയി കിട്ടിയതാ... സാറ് ഞങ്ങടെ പത്രവുമായി സഹകരിച്ചാൽ നമുക്ക് ആഴ്ച തോറും മേശയ്ക്കു ചുറ്റും - അല്ല ..അപ്പുറവും ഇപ്പുറവും ഇരിക്കാം.
ഫോണിലെ ശബ്ദം: സാറ് ഞങ്ങളൊടു സഹകരിച്ചാലും ഞാൻ സാറിനോട് സഹകരിച്ചാലും എന്റെ പോക്കറ്റല്ലിയോ കീറുന്നത്? എന്നാലും സാരമില്ല... ഫോട്ടോ വരണം...നിങ്ങളുടെ മേശയുടെയും അതിന്റെ പുറത്തു വയ്ക്കുന്ന കുപ്പീടേം കാര്യങ്ങൾ ഞാൻ ഏറ്റു. പക്ഷേങ്കി എൻ്റെ കസേരയുടെ കാര്യം നിങ്ങൾ ഏ ല്ക്കണം..എന്റെ വാർത്തയും ഫോട്ടോയും വന്നാൽ നിങ്ങൾക്ക് ശമ്പളം കിട്ടിയില്ലെങ്കിലും ഞാൻ നിങ്ങളെ മാസാമാസം നിലനിർത്തും .
റിസപ്‌ഷനും കടന്ന് ഒരാൾ നേരെ ചീഫിന്റെ അടുത്ത് വന്നു കൈ കൊടുത്തു.
ചീഫ് (ഫോണിൽ) : സാറേ ഞാൻ അങ്ങോട്ട് വിളിക്കാം.. സാറിന്റെ നമ്പർ ഇത് തന്നെയല്ലേ ?
ഫോണിലെ ശബ്ദം : അത് തന്നെ ..അത് തന്നെ .. നിങ്ങടെ മേശയുടെയും എന്റെ കസേരയുടെയും കാര്യം മറക്കണ്ടാ..
ചീഫ് : ശരി സാർ. (ഫോൺ വച്ചു).
(വന്നയാൾ തമ്പി. ചീഫിന്റെ എതിർവശത്തെ കസേരയിൽ ഇരുന്നു)
തമ്പി : സാറും ഇരുന്നാട്ടെ സാറേ .. എനിക്ക് സാറിനോട് ഒരുപാടൊരുപാട് കാര്യങ്ങൾ പറയുവാൻ ഉണ്ട്.
ചീഫ് : (ഞെട്ടി) എനിക്ക് താങ്കളെ മനസ്സിലായില്ല.
തമ്പി: സാർ ഇരിക്കണം സാറേ ..ഇരിക്കൂ..ഇരിക്കൂ ഞാൻ പറയാം..
(ചീഫ് കസേരയിൽ ഇരുന്നു) ഞാൻ തമ്പി.. ഭൂലോക മലയാളി സംഘടനയുടെ ഇവിടുത്തെ ബ്രാഞ്ചിന്റെ ചെയർമാൻ ആണ്. മിനിഞ്ഞാന്ന് ഞങ്ങൾ ഒരു പരിപാടി നടത്തിയാരുന്നു. നല്ല പരിപാടി ആരുന്നേലും ആളിത്തിരി കുറവാരുന്നു. പക്ഷേങ്കി സ്പോൺസർ ചെയ്തവർ നല്ലവരും ദൈവഭയം ഉള്ളവരുമാ. .. പക്ഷേങ്കി സാറേ .. സാറ് കാരണം ഞങ്ങടെ പകുതി പേയ്‌മെന്റ് ബ്ലോക്കായി.
ചീഫ്: ഞാൻ കാരണമോ? വാർത്ത നന്നായി ഫോട്ടോ ഉൾപ്പെടെ കൊടുത്തിരുന്നത് കണ്ടില്ലേ?
തമ്പി: അതെ സാറേ...കണ്ടു.. അതാ ഞാൻ ഇങ്ങോട്ടു പോന്നത് ... മീറ്റിങ്ങിൽ ചീഫ് ഗസ്റ്റ് ആയിരുന്നു ഞങ്ങളുടെ സ്പോൺസർ മിസ്സസ് കുഞ്ഞിട്ടിയമ്മ. അവരുടെ പേര് പത്രത്തിൽ വന്നപ്പോൾ അതിനു മുമ്പിൽ ബഹുമാന്യയായ എന്ന് ചേർക്കാഞ്ഞത് പോകട്ടെ, ശ്രീമതി എന്നോ മിസ്സസ്സ് എന്നോ ചേർക്കാതെ വെറും കെ.കെ. കുഞ്ഞിട്ടിയമ്മ എന്നാ സാറ് പാത്രത്തിൽ കൊടുത്ത്. അത് കാരണം അവര് പിണങ്ങി. പകുതി അഡ്വാൻസ് പരിപാടിക്ക്ത മുമ്പേ ത ന്നതാ .. ബാക്കി പകുതി അവര് ബ്ലോക്ക് ചെയ്തു.
ചീഫ്: അവരടെ പേര് ആദ്യമായിട്ടായിക്കും പത്രത്തിൽ വരുന്നത്. പത്രത്തിൽ പേര് വരുമ്പം ശ്രീയും ശ്രീമതിയും ഒന്നും വെയ്ക്കത്തില്ല. അത് പ്രധാനമന്ത്രി ആയാലും പ്രസിഡന്റ് ആയാലും മറ്റാരായാലും അങ്ങനെയാ..... എല്ലാ പേരിന്റെയും കൂടെ അഭിവന്ദ്യവും ശ്രീയും ശ്രീമതിയും മിസ്റ്ററും മിസ്സസും ഒക്കെ ചേർക്കാൻ തുടങ്ങിയാൽ ന്യൂസ്‌പ്രിന്റ് ഇറക്കിയുള്ള ഊപ്പാട് വരും ...
തമ്പി: എന്റെ സാറേ പ്രധാനമന്ത്രിക്കും പ്രഡിഡന്റിനും ഒന്നും മീറ്റിങ്ങിനു സ്പോൺസർമാരെ വേണ്ടല്ലോ..ഇതങ്ങനാന്നോ? സാറിനു പറ്റുമെങ്കിൽ കെ കെ കുഞ്ഞിട്ടിയമ്മ എന്നതു അഭിവന്ദ്യയായ ശ്രീമതി കെ കെ കുഞ്ഞിട്ടിയമ്മ എന്ന് മാറ്റി ഒരു വാർത്തകൂടങ്ങു കൊടുത്തേര് .. അവരടെ കയ്യീന്ന് കാശു വാങ്ങിയിട്ട് വേണം സൗണ്ടു കാരന്റെയും സ്റ്റേജുകാരന്റെയും സിനിമാറ്റിക് ഡാൻസുകാരുടെയും കാശ് കൊടുക്കാൻ. അവർ കെടന്നു വിളിയോടെ വിളിയാ...അവർക്കു കൊടുത്തതിന്റെ ബാക്കിയുള്ളതു കൊണ്ടു വേണം സാറേ എനിക്ക് അടുത്ത ആറു മാസത്തെ ചെലവ് കഴിയാൻ.
ചീഫ്: നിങ്ങടെ ഓഫീസ് എവിടെയാ ?
തമ്പി : സിറ്റിയിൽത്തന്നെയാ. സാർ അങ്ങോട്ട് വന്നാൽ നമ്മക്കവിടെ സുഖമായിട്ട് ഇരുന്ന് എഴുതാം.
ചീഫ്: അവിടെ മേശയുണ്ടോ ? നമുക്ക് ഒരു മേശയ്ക്കു ചുറ്റും ഇരുന്ന് ...
തമ്പി : മേശയും കസേരയും മാത്രമല്ല സാറേ കട്ടിലു വരെ ഉണ്ട് . സാർ എന്നെ സഹായിക്കണം.
ചീഫ്: വാർത്ത ഇനി കൊടുക്കാൻ പറ്റത്തില്ല. നമ്മടെ മാനേജരുമായി സംസാരിക്ക്. ഒരു പരസ്യം നമ്മക്ക് വാർത്തയുടെ രൂപത്തിൽ കൊടുക്കാം. അതിൽ ബഹുമാന്യയോ ശ്രീമതിയോ മിസ്സസ്സോ എന്ത് വേണമെങ്കിലും ചേർക്കാം.
തമ്പി : സാർ ആണ് സാറേ സാറ് ... പക്ഷേങ്കി കാശ് എന്തും വേണ്ടി ആവും? ശ്രീമതി കെ കെ കുഞ്ഞിട്ടിയമ്മ തരാനുള്ള ഒന്നര ലക്ഷത്തിന്റെ നാലിൽ ഒന്നിൽ കൂടുതൽ പരസ്യക്കൂലി ആയാൽ നഷ്ടക്കച്ചവടമാ സാറേ.. നമ്മക്കും എന്തെങ്കിലും വേണ്ടായോ ? ഇതിലും ഭേദം വാർത്ത വരാതിരിക്കുന്നതായിരുന്നു .... ആദ്യമേ പരസ്യം കൊടുത്താൽ മതിയായിരുന്നു. മുടിയാനെക്കൊണ്ട് ഈ ബുദ്ധി എനിക്ക് ആദ്യം തോന്നിയില്ലല്ലോ ....
ചീഫ്: മാനേജരുടെ അടുത്ത് പോയി കാശ് അടച്ചിട്ടു പോ സാറേ, മാറ്റർ ഒക്കെ ഞങ്ങൾ ഉണ്ടാക്കിക്കോളാം. എന്റെ നമ്പർ ഒമ്പത് ഒമ്പത് ഒമ്പത് ഒമ്പത് ഒമ്പത് ഒമ്പത് ഒമ്പത് ഒമ്പത് ഒമ്പത് .
തമ്പി : എന്റെ നമ്പർ ആറേ ആറേ ആറേ ആറേ ആറേ ആറേ ആറേ ആറേ ആറേ ആറ് ,.. എന്നാ വരട്ടേ ..
(ചീഫിന് കൈ കൊടുത്തിട്ടു തമ്പി പോയി)
റിപ്പോർട്ടർ : (ആത്മഗതം) ഒമ്പതു ആറും .. തൊണ്ണൂറ്റാറാണോ അറുപത്തൊമ്പതാണോ ? ആ.. ആർക്കറിയാം. എന്റെ കഷ്ടകാലം, ഒരുത്തനെങ്കിലും ഒരു റിലീസ് അയച്ചാൽ മതിയായിരുന്നു.
(തമ്പി ബാഗും തുറന്നു കൊണ്ട് നേരെ മാനേജരുടെ അടുത്തെത്തുന്നു). ഒരു കടലാസും പണവും കൊടുത്തു രസീതും വാങ്ങി റിപ്പോർട്ടറുടെ അടുത്തേക്കു തിരിഞ്ഞു)
റിപ്പോർട്ടർ: ദൈവമേ ...
(തമ്പി റിപ്പോർട്ടറുടെ അടുത്തെത്തി).
ചീഫിന്റെ മൊബൈൽ ശബ്ദിച്ചു. അയാൾ അത് എടുത്തു കൊണ്ട് ചുറ്റും നോക്കി റിസപ്‌ഷനും പുറത്തേക്കു പോയി.
തമ്പി റിപ്പോർട്ടറുടെ അടുത്ത് എത്തി.
തമ്പി : ഗുഡ് മോർണിംഗ്
റിപ്പോർട്ടർ : ഗുഡ് മോർണിംഗ്
(തമ്പി ഇരുന്നു)
തമ്പി : സാറിന്റെ പേരെന്തുവാ സാറേ ?
റിപ്പോർട്ടർ: സിംബളൻ
തമ്പി : നല്ല സിംബളൻ പേര്. ഇവിടെ എന്നാ പണിയാ ?
റിപ്പോർട്ടർ : റിപ്പോർട്ടറാ
തമ്പി : ആന്നോ ? കണ്ടാൽ പറയത്തില്ല ..മുഖത്ത് നല്ല വിനയമാ..
(റിപ്പോർട്ടർ തലയ്ക്കു കൈ കൊടുത്തു)
തമ്പി : സാറെ ഈ മെയിൽ ഒക്കെ വരുന്നത് സാറിന്റെ അടുത്താണോ ?
റിപ്പോർട്ടർ: അത് ചീഫിന്റെ അടുത്ത വരുന്നത്. അവിടുന്ന് എനിക്ക് ഫോർവേഡ് ചെയ്യും. ചീഫ് ലഞ്ചിന് പോയി. സാറിനു വേറൊന്നും തോന്നരുത് .. എനിക്ക് ഇത്തിരി തിരക്കുണ്ട് .. പിന്നെക്കാണാം.
തമ്പി : മതി..അത് മതി .. എന്ത് കാര്യം ഉണ്ടെങ്കിലും സാറിനു എന്നെ വിളിക്കാം..എന്റെ നമ്പർ ആറേ ആറേ ആറേ ആറേ ആറേ ആറേ ആറേ ആറേ ആറേ ആറ് ,മറക്കണ്ടാ.... എന്നാ വരട്ടേ ..
(റിപ്പോർട്ടർക്ക്കൈ കൊടുത്തിട് ടു തമ്പി പോയി. മാനേജർ എഴുന്നേറ്റു റിപ്പോർട്ടറുടെ അടുത്തെത്തി).
മാനേജർ : സിംബളൻ സാറേ, ഇന്നാ ഒരു പണി ഒണ്ടു.. ആ ഭൂലോകസംഘടനക്കാരുടെ വാർത്ത അഭിവന്ദ്യയും ശ്രീമതിയും ഒക്കെ ചേർത്ത് ആരുടെയൊക്കെ പേര് ചേർക്കാൻ ഉണ്ടോ അതും ചേർത്ത് ഒന്നൂടൊന്നു പൊലിപ്പിച്ച് ഒരു റൈറ്റപ്പ് താ. കൂടുതൽ വിവരങ്ങൾ ഇതാ അയാൾ തന്ന പേപ്പറിൽ ഉണ്ട്.
(തമ്പി കൊടുത്ത കടലാസ്സ് കൊടുക്കുന്നു. റിപ്പോർട്ടർ അത് നോക്കി)
റിപ്പോർട്ടർ : അത് ആഡ് ഡി പ്പാർട്ട്മെന്റിൽ കൊടുക്ക്.. അവരല്ലിയോ അതിന്റെ ടൈപ്പും ഡിസൈനും ഒക്കെ ചെയ്യുന്നത്.
മാനേജർ: ഇവിടെ ആടും കോഴിയും ഒന്നും ഇല്ല.. റിപ്പോർട്ടർ സാറ് കാതു തുറന്നു കേട്ടാട്ടെ ... : ഇവിടെ നിങ്ങളെയൊക്കെ ഇങ്ങനെ പുറത്തു വിടാതെ കൂട്ടിൽ അടച്ചു ചില്ലിട്ടു വച്ചിരിക്കുന്നത് വരുന്ന റിലീസും തിന്നു വെള്ളവും കുടിച്ച് ഇരിക്കാൻ അല്ല .. ഇതൊക്കെ എഴുതാനും കൂടിയാ.. പത്രറിപ്പോർട്ടറുടെ ചുരുക്കപ്പേരിട്ടു ഞാൻ വിളിക്കേണ്ടെങ്കിൽ വേഗം എഴുതിത്താ ...... പത്രറിപ്പോർട്ടർ മോനേ..അല്ലെങ്കിൽ നിന്റെ ചീപ്പിനോടിപ്പം ഞാൻ വിളിച്ചു പറയും. ..
റിപ്പോർട്ടർ: ചീപ്പിനു പറ്റിയ കത്രിക തന്നെ ... തന്നാട്ടെ..തന്നാട്ടെ (മാനേജരുടെ കയ്യിൽ നിന്ന് കടലാസ്സ് വാങ്ങിച്ചു)
മാനേജർ: ഒരുപാടങ്ങ് റിപ്പോർട്ടണ്ടാ സിംബളൻ സാറേ ... പുറത്തു വാർത്ത ഇല്ലാത്തതുകൊണ്ടല്ല ..അതിന്റെ ആവശ്യം ഇല്ല. ഇവിടുന്നു നമ്മക്കാകെ ഒരു മൂന്നാം പേജ് മാത്രേ ഒള്ളു. അതില് സംഘടനക്കാരുടെ വാർത്ത കൊടുത്തില്ലെങ്കിൽ സർക്കുലേഷൻ പരണേൽ ഇരിക്കും..പിന്നെ പരസ്യവും കിട്ടത്തില്ല ....ഇവിടെ എഡിഷൻ തുടങ്ങിയ വേറെ പല പല പത്രങ്ങളൊക്കെ എഡിഷൻ പൂട്ടി വീട്ടിപ്പോയി. അതൊക്കെ നമ്മടെ മിടുക്കാ.. പരസ്യം ഒള്ളതുകൊണ്ടാ സിംബളാ നീയും ഞാനും ഒക്കെ കഞ്ഞികുടിച്ചു കിടക്കുന്നത്...വാർത്ത ഇല്ലേലും പത്രം ഇറങ്ങും. പരസ്യം ഇല്ലെങ്കിൽ പത്രം ഇറങ്ങത്തില്ല. അത്രയെങ്കിലും പൊതുവിജ്ഞാനം ഒരു പത്രറിപ്പോർട്ടർക്ക് ആകാം...
(റിപ്പോർട്ടർ അത് വാങ്ങി മാനേജരെ ആക്കി ഒന്ന് കുമ്പിട്ടു. റിപ്പോർട്ടറുടെ ഫോൺ ശബ്ദിച്ചു.)
ഫോണിലെ ശബ്ദം : ഹലോ.. പത്രം അല്ലേ?
റിപ്പോർട്ടർ : അതെ ..ആരാ..
ഫോണിലെ ശബ്ദം: ഞാൻ മലയാളി ഫെഡറേഷനിൽ നിന്നും പി ആർ ഓ ആണ്. ഇന്നലെ ഒരു വാർത്ത അയച്ചിരുന്നു ..രണ്ടാംതിയ്യതിയിലെ മെഗാഷോ മഹോത്സാവത്തിന്റെ. ആ വാർത്ത വന്നില്ല..
റിപ്പോർട്ടർ : ചെക്ക് ചെയ്യട്ടെ ..
കമ്പ്യൂട്ടർ നോക്കുന്നു
(ചീഫ് വന്നു സീറ്റിൽ ഇരുന്നു)
ഫോണിലെ ശബ്ദം (പി ആർ ഓ ): സുഹൃത്തേ ഈയിടെ ഞങ്ങളുടെ വാർത്തകൾ ഒന്നും നിങ്ങൾ കൊടുക്കുന്നില്ല..
റിപ്പോർട്ടർ: എന്റെ സാറേ, അത് ചെലപ്പം സ്പാമിലു പോയിക്കാണും..നിങ്ങളോടെന്തിനാ ഞങ്ങൾക്ക് വിരോധം?
ഫോണിലെ ശബ്ദം: നിങ്ങൾ ആരാ..എന്റെ മെയിൽ നീ സ്പാമിൽ മാർക്ക് ചെയ്തു വെച്ചേക്കുവല്ലിയോ?.അയാടെ മെയിലിലേക്കല്ലിയോ ഞാൻ അയക്കുന്നത്. നിങ്ങടെ ബ്യൂറോചീഫ് പുഷ്ക്കരനു ഫോൺ കൊട് ഒരു സ്പാമുകാരൻ ..
(ചീഫിന്റെ ഫോണിലേക്കു ഫോൺ കുത്തുന്ന റിപ്പോർട്ട).
ചീഫ്: ഹെലൗ ...
ഫോണിലെ ശബ്ദം: ഞാൻ മലയാളി ഫെഡറേഷൻ പി ആർ ഓ ..എന്താ പുഷ്കരാ ഞങ്ങടെ വാർത്തയൊന്നും കൊടുക്കാത്തത്..
ചീഫ്: റിലീസ് അയച്ചിട്ട് വിളിച്ചു പറഞ്ഞാരുന്നോ ?
ഫോണിലെ ശബ്ദം: റിലീസ് അയച്ചിട്ട് നിങ്ങൾക്കു കിട്ടിയാൽ പിന്നെ വിളിച്ചു പറയുന്നത് എന്തിനാ.. വെടി വെക്കുകേം പിന്നെ ഠോ ന്നു പറയുകേം വേണോ?
ചീഫ്: ഞങ്ങൾ അങ്ങനാ ..റിലീസ് അയച്ചിട്ട് വിളിച്ചു പറാഞ്ഞാലേ വാർത്ത കൊടുക്കൂ...
ഫോണിലെ ശബ്ദം: ഇതുവരെ അങ്ങനെ അല്ലാരുന്നല്ലോ...റിലീസ് അയച്ചാൽ നിങ്ങൾ ആണ് ഇങ്ങോട്ടു വിളിക്കേണ്ടത്. നിങ്ങൾ പുറത്തിറങ്ങി ഒരു വർത്തയെങ്കിലും റിപ്പോർട് ചെയ്യുമോ. ഇന്നത്തെ ഇംഗ്ലീഷ് പത്രോം സംഘടനക്കാരുടെ ഭാരവാഹി കളുടെ നീണ്ടലിസ്റ്റുള്ള പ്രസ് റിലീസും ഇല്ലെങ്കിൽ നിങ്ങളുടെ പത്രം ഇറങ്ങുമോ? ചില സംഘടനക്കാരോട് നിങ്ങൾക്കു ഭയങ്കര സ്നേഹം അല്ലെ?
ചീഫ്: സ്നേഹം മാത്രമല്ല, പ്രേമോം കാമോം ഒക്കെയുണ്ട്.
ഫോണിലെ ശബ്ദം: അത് നിങ്ങൾ തമ്മിലുള്ള കാര്യം. ഞങ്ങൾക്ക് അതല്ല കാര്യം. ഒരുപാടു സിനിമാ സീരിയൽ താരങ്ങളും വേറെ വി ഐ പികളും ഒക്കെ പങ്കെടുക്കുന്ന പരിപാടിയായിട്ടും പക്കാ വാർത്തയായിട്ടും നിങ്ങൾ വാർത്ത കൊടുത്തില്ല. അതിന്റെ കാരണം പറയണം എന്നില്ല , ഞങ്ങൾക്ക് അറിയാം.. ആര് പറഞ്ഞിട്ടാണ് നിങ്ങൾ വാർത്ത കൊടുക്കാതിരുന്നതെന്നും അറിയാം. കള്ളവാർത്തകൾ വരെ നിങ്ങൾ കൊടുക്കുന്നുണ്ടല്ലോ.. പഞ്ചനക് ഷത്ര ഹോട്ടലിൽ മുറിയെടുത്തു വാർത്ത എഴുതിക്കാൻ ഉള്ള ഫണ്ട് ഉണ്ടെങ്കിലും ഞങ്ങൾ അത്തരക്കാർ അല്ല സാറേ.
ചീഫ്: (രണ്ടു നിമിഷം മൗനം) നിങ്ങളുടെ വാർത്ത ഞങ്ങള് കൊടുത്തില്ലെന്നിരിക്കും.. അത് ഞങ്ങളുടെ സൗകര്യം..
ഫോണിലെ ശബ്ദം : ഞങ്ങൾ അര പേജ് പരസ്യം തന്നിരുന്നു. എന്നിട്ടും നിങ്ങള് വാർത്ത കൊടുത്തില്ല. മറ്റേ സംഘടനക്കാരടെ വാക്കു കേട്ടിട്ടാണ് നിങ്ങൾ വാർത്ത അകൊടുക്കാതിരുന്നതെന്നും അറിയാം.
ചീഫ്: വാർത്തയും പരസ്യവും തമ്മിൽ ബന്ധമില്ല
ചീഫ് : നിങ്ങൾ എന്ത് പറഞ്ഞാലും നിയങ്ങടെ വാർത്ത മേലിൽ ഞങ്ങളുടെ പത്രത്തിൽ കൊടുക്കില്ല.
ഫോണിലെ ശബ്ദം : ഞങ്ങളുടെ സംഘടനാ നിങ്ങളുടെ കടലാസു കൊണ്ട് ഉണ്ടാക്കിയതല്ല. വാർത്ത ഇല്ലെങ്കിലും ഞങ്ങൾ പ്രവർത്തിക്കുന്നുണ്ട്. വ്യാജ വാർത്തകൾക്കുമേൽ കെട്ടിപ്പൊക്കിയതല്ല ഞങ്ങളുടെ സംഘടന. പുഷ്ക്കരൻ സാർ എന്തായാലും ഞങ്ങടെ പരിപാടിക്ക് വരണം. ഇന്നലത്തെ പ്രസ് റിലീസിന്റെ കൂടെ ഇൻവിറ്റേഷനും അയച്ചിരുന്നു. കുറിയറും കിട്ടിക്കാണുമല്ലോ ശരി.. നിങ്ങടെ വിലയേറിയ സമയം നഷ്ടപ്പെടുത്തുന്നില്ല.. ഹാവ് എ നൈസ് ഡേ.
(ചീഫ് ഫോൺ വച്ചതും റിപ്പോർട്ടർ എഴുതിക്കൊണ്ടിരുന്ന കടലാസ്സ് ചീഫിന്റെ അടുത്ത് എത്തി കൊടുത്തു. ചീഫ് ചില തിരുത്തലുകൾ നടത്തുന്നു. ചീഫ് തിരികെ കൊടുത്ത കടലാസ്സ് റിപ്പോർട്ടർ വാങ്ങി മാനേജർക്ക് കൊടുക്കുന്നു. മാനേജർ വായിക്കുന്നു.)
മാനേജർ: ഇപ്പഴാ സിംബളാ നീ ശരിക്കും ഒരു പത്രറിപ്പോർട്ടെർ ആയതു.. നിനക്ക് നല്ലൊരു ഭാവി ഉണ്ട്.
സീൻ ൨
രാത്രി.
റിസപ്‌ഷനിലും മാനേജരുടെ സീറ്റിലും ആരും ഇല്ല. ചീഫും റിപ്പോർട്ടറും മാത്രം.
ചീഫ്: എടേ , ഇന്നാണ് ലവന്മാരുടെ അവാർഡ് നൈറ്റും മെഗാഷോയും. എല്ലാം കൂടി പത്തമ്പതുസിനിമ-സീരിയലുകാരും വി ഐപികളും ഉണ്ട്.
റിപ്പോർട്ടർ: നമ്മക്കതു കൊടുക്കണ്ടാ അല്ലേ ?
ചീഫ്: കൊടുക്കാതിരിക്കാൻ പറ്റത്തില്ല. കൊടുത്തില്ലെങ്കിൽ നമ്മൾക്ക് മോശം ആവും.
റിപ്പോർട്ടർ: സാറും അവരടെ പീ ആറും കൂടി ഒടക്കിയില്ലേ? അവരടെ രണ്ടു റിലീസുകൾ നമ്മൾ നമ്മള് ഒഴിവാക്കിയത് എന്തിനായിരുന്നു..?
ചീഫ്: അതൊന്നും സാരമില്ല. താൻ സിസ്റ്റത്തിലോട്ടും നോക്കി ഇരുന്നോ... ഇപ്പം അവന്മാരുടെ റിലീസ് വരും. നമ്മടെ പത്രത്തിൽ വാർത്ത വന്നില്ലെങ്കിൽ അവന്മാർക്കാ നാണക്കേട്. എന്തായാലും കൊടുത്തേക്കാം.. റിലീസും ഫോട്ടോയും അയയ്ക്കാതെ അവർ എവിടെ പോകാനാ?
റിപ്പോർട്ടർ: മണി ഒമ്പതായി. ഒമ്പതരയ്ക്ക് മുമ്പെങ്കിലും കിട്ടിയില്ലെങ്കിൽ ...
(ചീഫ് ക്ലോക്കിൽ നോക്കി ..... ഫോൺ കുത്തി).
ചീഫ്: ഹാലോ .. ഇത് പത്രത്തീന്നാ ..പിന്നേ സുഗന്ധീ നിങ്ങള്ക്ക് മലയാളി ഫെഡറേഷന്റെ റിലീസ് കിട്ടിയോ?
സുഗന്ധി (ഫോൺ ശബ്ദം) : സൂപ്പർ പരിപാടിയാ.. വിചാരിച്ചതിലും സൂപ്പർ... സിനിമാക്കാരും സീരിയലുകാരും എല്ലാം കൂടി അവിടുത്തേം ഇവിടുത്തേമായിട്ട് പത്തേഴുപതു പേരുണ്ട്.. ഞാൻ രണ്ടു ഇന്റർവ്യൂ ചെയ്തു... ഒരു സൂപ്പർ താരത്തെയും ഒരു സൂപ്പർ സംവിധായകനെയും..
ചീഫ്: അവർ റിലീസ് അയച്ചോ അതോ നിങ്ങൾ പോയോ?
സുഗന്ധി: ഞങ്ങള് പോവാതെ എങ്ങനാടോ പൊട്ടാ ഇന്റെർവ്യൂ ചെയ്യുന്നേ.. ഇതൊക്കെ കാണാതെ പത്രം ഇറക്കിയിട്ടു കാര്യമില്ലെടോ പുഷ്കരാക്ഷാ... .. നീ ആ പഴയ തീറ്റിപ്പണ്ടാരം തന്നെ. നീ വല്ല തീറ്റ മത്സരത്തിനും പോ ....
ചീഫ്: നേരംപോക്ക് നമ്മൾക്ക് നേരിൽ കാണുമ്പോൾ ആവാം.. നീ ആ ഫോട്ടോകളും റിലീസും ഒന്ന് ഷെയർ ചെയ്തേരു...
സുഗന്ധി: നന്നാ പൊറുത്തു ... നിങ്ങളല്ലേ വലിയ പത്രം..? കൂട്ടൊക്കെ കൂട്ടാ പുഷ്കരാ... പക്ഷെ നിങ്ങടെ പത്രത്തിൽ അല്ല, വേറേ പത്രത്തിലാ ഞാൻ ജോലി ചെയ്യുന്നത് . ഇന്നിനി വിളിക്കണ്ട.. എനിക്ക് ഇവിടെ സ്വല്പം പണി ഉണ്ട്...
(സുഗന്ധി ഫോൺ വെച്ചു).
ചീഫ്: (റിപ്പോർട്ടറോട്) അതും ചീറ്റി..എന്നാ ..താനൊന്നും വിളിക്ക് . ആ വാർത്ത നമ്മൾക്ക് മാത്രം കിട്ടിയില്ലെകിൽ നാണക്കേടാ.. മാത്രമല്ല നമ്മടെ പത്രത്തിന്റെ പരസ്യത്തിൽ വരുന്ന സ്റ്റാറുകൾ ഒക്കെ ഉണ്ട്.
റിപ്പോർട്ടർ: എന്നിട്ടും നമ്മൾ ആരും അവിടെ പോകാത്തതെന്താ..
ചീഫ്: ഒന്നാമത്തെ ഞായറാഴ്ച... പിന്നെ ഇന്നലെ അടിച്ച ഷിവാസ് റീഗൽ ഓർമ്മയില്ലേ...അതും ബാക്കി സാമഗ്രികളും എനിക്ക് കിട്ടിയ പതിനാ.... അല്ലെങ്കി പോട്ടെ.. അതൊക്കെ ഈ വാർത്ത കൊടുക്കാതിരിക്കാൻ മറ്റേ സംഘടനക്കാരു തന്നതാ.. എന്തായാലും അവന്മാര് റിലീസ് അയയ്ക്കും എന്നാ ഞാൻ കരുതിയത്.. പക്ഷേങ്കി പണി പാളി...
റിപ്പോർട്ടർ: എന്തായാലും സാറേ എനിക്ക് അയാളെ വിളിക്കാൻ പറ്റത്തില്ല. അയാടെ വാർത്ത കൊടുക്കത്തില്ലെന്നു അയാളോട് സാറ് തന്നെയല്ലേ പറഞ്ഞത്. അയാൾ അയയ്ക്കത്തില്ല. അവിടെ നമ്മൾ പോയി റിപ്പോർട്ട് ചെയ്‌താൽ മതിയായിരുന്നു.
ചീഫ്: നീ ഏതു കോത്താഴത്തുകാരൻ ആണ് ? നിനക്ക് ശമ്പളം മാത്രം മതിയായിരിക്കും. എനിക്ക് അത് പോരാ. കമ്പിക്കും സിമന്റിനും ഒക്കെ വലിയ വിലയാ. പീ ആർ ഓ അല്ലല്ലോ പരിപാടി നടത്തുന്നത്. അവരുടെ പ്രസിഡന്റിനെ വിളിക്കാം..
(ചീഫ് ഫോൺ കുത്തി)
ചീഫ്: ഹാലോ നമസ്ക്കാരം സാറേ. പരിപാടി ഒക്കെ ഗംഭീരമാണെന്നറിഞ്ഞു.. പ്രസ് റിലീസ് കിട്ടിയില്ല അയയ്ക്കാൻ ഏർപ്പാട് ചെയ്‌താൽ നന്നായിരുന്നു...
ഫോണിലെ ശബ്ദം (പ്രസിഡന്റ്) : (ആരവങ്ങളുടെ പശ്ചാത്തലത്തിൽ) ഞാൻ ഇവിടെ സ്റ്റേജിൽ ആണ്. നിങ്ങൾ പി ആർ ഓ ഓ യോടെയോ ചോദിക്ക്... ഞാൻ എന്തുവാ പ്രസ് റിലീസ് എടുത്തു പോക്കറ്റിൽ വച്ചോണ്ട് നടക്കുവാന്നോ... ദയവായി ഇന്നിനി വിളിക്കരുത്..(ഫോൺ വച്ചു).
ചീഫ്: (മുഖം ചമ്മി).. റിപ്പോർട്ടറെ.. തൻ ഒരു കാര്യം ചെയ്യ് ആ പീ ആർ ഓ യെ ഒന്ന് വിളിക്ക്
റിപ്പോർട്ടർ: എനിക്ക് പറ്റില്ല സാറേ...ഒരു മാതിരി ..തിന്നതുമില്ല തീറ്റിക്കത്തുമില്ല...
ചീഫ്: ദാണ്ടെ.. ഒരുമാതിരി റിപ്പോർട്ടർ കളിക്കല്ലേ..ഞാൻ ബ്യുറോ ചീഫ് ആണ്.. ഞാൻ പറയുന്നത് അനുസരിച്ചാൽ മതി..ഇയാളോടു മല മറിക്കാൻ ഒന്നുമല്ലല്ലോ പറയുന്നത്..ജോലി ചെയാൻ അല്ലേ .
റിപ്പോർട്ടർ : ഇത് രണ്ടു മണിക്കൂർ മുമ്പ് പറഞ്ഞിരുന്നെങ്കിൽ ഫോട്ടോഗ്രാഫറെയും കൂട്ടി ഞാൻ പോയി ചെയ്യുമായിരുന്നല്ലോ. അതല്ലേ എന്റെ ജോലി?
ചീഫ്: അങ്ങനത്തെ ചെയ്ത്തൊന്നും ഇവിടെ വേണ്ട.. ഞാൻ പറയുന്നപോലങ്ങു ചെയ്‌താൽ മതി. ..നീ വിളിക്ക്... സമയം പോകുന്നു...
റിപ്പോർട്ടർ: (വിഷണ്ണൻ ആയി ഫോൺ കുത്തുന്നു)...ഹലോ ഹലോ.... മലയാളി ഫെഡറേഷൻ സെക്രട്ടറി ആണോ ..
ഫോണിലെ ശബ്ദം : അല്ല... പീ ആർ ഓ ആണ്....
റിപ്പോർട്ടർ: അതേ സാറേ ..പരിപാടീടെ റിലീസും ഫോട്ടോയും കിട്ടിയില്ല...ഒമ്പതര ആവാറായി .. ഒന്ന് വേഗം അയച്ചെങ്കിൽ നന്നായിരുന്നു... അര മണിക്കൂറിനകം റിലീസും ഫോട്ടോയും അയയ്ക്കാമോ സാറേ...
ഫോണിലെ ശബ്ദം (പി ആർ ഓ ) : അയക്കാൻ പറ്റും ...
(റിപ്പോർട്ടറുടെ മുഖം വിടർന്നു)
ഫോണിലെ ശബ്ദം : പക്ഷെ ഞങ്ങൾ അയയ്ക്കത്തില്ല. ഒട്ടും സമയം ഇല്ല സാറേ..പരിപാടി നടന്നോണ്ടിരിക്കുവാ.
റിപ്പോർട്ടർ: സാർ, റിലീസും ഫോട്ടോയും ഒമ്പതരയ്‌ക്കകം കിട്ടിയില്ലെങ്കിൽ നാളത്തെ പാത്രത്തിൽ വരില്ല സാർ...
ഫോണിലെ ശബ്ദം : വേണ്ടാ.. മറ്റെന്നാളോ അതിന്റെ പിറ്റേന്നോ വന്നാൽ മതി.. വന്നില്ലേലും ഞങ്ങൾക്ക് കുഴപ്പമില്ല...പത്രത്തിൽ വാർത്ത വരണമെന്നു നിർബന്ധം വേണ്ടതു പത്രങ്ങൾക്കല്ലേ? കെടന്നു സാറേ സാറേ വിളിച്ചിട്ടു യാതൊരു പ്രയോജനവും ഇല്ല..
റിപ്പോർട്ടർ : സാർ... എന്റെ പണി പോന്ന കാര്യമാ...
ഫോണിലെ ശബ്ദം :ഇയാൾക്കേ എന്താ അവിടെ പണി ?
റിപ്പോർട്ടർ: റിപ്പോർട്ടറായ സാറേ..
ഫോണിലെ ശബ്ദം : ചില്ലുകൂട്ടിൽ ഇരുന്നേമ്മച്ച് ഇയാൾ എന്തോന്ന് റിപ്പോർട്ട് നടത്തും കൂവാ...
റിപ്പോർട്ടർ: അതു എന്റെ ഗതികേടാ സാറേ.. ഇങ്ങനെ ആണെങ്കിൽ നാളത്തെ പത്രത്തിൽ നിങ്ങളുടെ വാർത്ത വരില്ല.
ഫോണിലെ ശബ്ദം : അത് സാരമില്ല . ഒരുപാട് പത്രക്കാരും ടീവിക്കാരും ഒക്കെ വന്നു പോയിട്ടുണ്ട്. അവര് കൊടുത്തോളും. നിങ്ങൾക്ക് ഇൻവിറ്റേഷൻ മെയിലിലും കുറിയറിലും അയച്ചിരുന്നല്ലോ. ഇന്നു രാവിലെ കൂടി പുഷ്‌കരനോട് ഞാൻ പറഞ്ഞതാണല്ലോ.........ഞങ്ങൾക്ക് വാർത്താവിതരണം ഇല്ല സാറേ. വാർത്ത കൊടുക്കാൻ താല്പര്യം ഉള്ളവർ ഒക്കെ വന്നു ഫോട്ടോയും ഇന്റർവ്യൂവും ഒക്കെ എടുത്തു പോയിട്ടുണ്ട്. പരിപാടി പതിനൊന്നു മാണി വരെ ഉണ്ട്. ഇനി വേണേലും വന്നു ഫോട്ടോ എടുക്കാം. എനിക്ക് തീരെ സമയം ഇല്ല ... (ഫോൺ വച്ചു).
ചീഫ്: അവൻ തിരിച്ചു പണി തന്നെടേ.. ആ ചെറിയ പത്രത്തിലെ ഫോട്ടോഗ്രാഫറെ വിളിക്ക്. അവൻ അവിടെ പോയി ഫോട്ടോ ഒക്കെ എടുത്തു കാണും.
റിപ്പോർട്ടർ : എനിക്ക് പ്രയാസം അവനെ വിളിക്കാൻ .. സാറു തന്നങ്ങു വിളിച്ചാൽ മതി..
ചീഫ്: ഞാൻതന്നെ വിളിച്ചേക്കാം..ഹലൗ ...... ഇത് ചെറു പത്രം അല്ലെ ? ഞാൻ വല്യ പത്രത്തീന്നാ ..ഞങ്ങൾക്ക് ചില അസൗകര്യങ്ങൾ ഉണ്ടായ കാരണം ഫോട്ടോയും റിലീസും കിട്ടിയില്ല.. ആ അവാർഡ് നൈറ്റ് മെഗാഷോയുടെ.. ഒരു കാര്യം ചെയ്യാമോ.. റിലീസും കുറച്ചു ഫോട്ടോയും കൂടി എന്റെ മെയിൽ ഐ ഡി യിലേക്ക് അയയ്ക്കാമോ ?
ഫോണിലെ ശബ്ദം : അസൗകര്യം എന്താണെന്ന് എനിക്കറിയാം.. അത് പോട്ടെ. ഫോട്ടോയും റിലീസും തന്നാൽ എനിക്കെന്താ പ്രയോജനം? നിങ്ങൾ അവിടെ ഇരുന്നു മേൽ അനങ്ങാതെ മറ്റേ സംഘടനക്കാരോട് കാശും വാങ്ങിക്കൊണ്ടു വേലത്തരം കാണിക്കുകയല്ലേ. ഒടുവിൽ കറങ്ങിത്തിരിഞ്ഞ് എന്റെ അടുത്തെത്തി അല്ലെ...
ചീഫ്: എടേ താൻ വാചകം നിർത്ത് ..കാശ് തരാം..നീ വേഗം സംഗതി അയയ്ക്കു..
ഫോണിലെ ശബ്ദം : എന്തോ തരും?
ചീഫ്: അതൊക്കെ ന്യായമായിട്ടു തരും.. നീ വേറെ ആരോടും പറയണ്ട..വേഗം മെയിൽ അയയ്ക്കു മോനെ..മാണി ഒമ്പതര ആവാറായി..
ഫോണിലെ ശബ്ദം : അയയ്‌ച്ചേക്കാം ..പക്ഷെ നാളെത്തന്നെ കാശ് തരണം. കാശ് തന്നെ തരണം ..പകരം ഫോട്ടോയും റിലീസും ഒന്നും എനിക്ക് വേണ്ട.. എങ്കിൽ അഞ്ചു മിനിറ്റിനകം അയയ്ക്കാം
ചീഫ് : സമ്മതിച്ചു ...(ഫോൺ വെച്ചു). അങ്ങനെ ഇന്നത്തെ കാര്യവും ശുഭം..
റിപ്പോർട്ടർ: അവനോടു അത്ടൈ മെയിലിൽ ടൈ പ്പ് ചെയ്തു അയയ്ക്കാൻ പറ സാറേ ..എഴുതി സ്കാൻ ചെയ്തതതാണെങ്കിൽ ഞാൻ ഇരുന്നു ടൈപ്പ് ചെയ്യേണ്ടി വരും..നേരം ഒമ്പതര ആവാറായി... രണ്ടെണ്ണം അടിച്ചോണ്ടു എഴുതണോ അതോ എഴുതിക്കഴിഞ്ഞിട്ടു അടിക്കണോ എന്നതാണ് എന്റെ ഇപ്പോഴത്തെ ചിന്ത.
ചീഫ്: നല്ല ചിന്ത! നിന്നെപ്പോലുള്ളവർ ആണ് സിംബളാ .. പത്രപ്രവർത്തനത്തിന്റെ നെടു തൂണുകൾ..
(ഫോൺ വന്നു)
ചീഫ്; (ഫോണിൽ) : അത് അങ്ങനെയാണ് .. പത്രക്കാർക്ക് എല്ലാരേം വിമർശിക്കാം.. കരി വാരി തേയ്ക്കാം.,..പക്ഷെ ഞങ്ങളെ വിമർശിച്ചാൽ ഞങ്ങൾ സഹിക്കില്ല.. വിമർശനം ഞങ്ങളുടെ മാത്രം അവകാശം ആണ്.
ഫോണിലെ ശബ്ദം : സാറേ.. ഞാൻ ഇപ്പോൾ വിളിച്ചത് ഒരു വാർത്ത തരാനാ .. ഞങ്ങൾ ഒരു വാർത്താ പ്രവചനം നടത്തുന്നു. റീഡേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ആണ് അത് നടത്തുന്നത്. ഇന്നത്തെ ഇംഗ്ലീഷ് പത്‌ഗ്രത്തിൽ വന്ന ഏതൊക്കെ വാർത്തകൾ ആണ് നാളെ ഇവിടുത്തെ മലയാളം പത്രങ്ങളിൽ വരുന്നതെന്ന് അതാതു ദിവസത്തെ ഇംഗ്ലീഷ് പത്രങ്ങൾ വായിച്ചിട്ടു പ്രവചിക്കണം. ഓരോ ദിവസത്തെയും പ്രവചനം റീഡേഴ്സ് ഫോറത്തിന്റെ മെയിൽ ഐഡിയിലേക്കു അയയ്ക്കണം. ഈ മാസം ഇരുപതു വരെ ഏറ്റവും കൂടുതൽ പ്രവചനം നടത്തുന്നവർക്ക് 2000 രൂപയുടെ പുസ്തകങ്ങൾ സമ്മാനം. വാർത്ത കൊടുത്തേക്കണേ സാറേ..റിലീസ് മെയിൽ ചെയ്തിട്ടുണ്ട്...
ചീഫ്: കൊടുക്കാമെടാ.. ഇപ്പത്തന്നെ കൊടുക്കാം ..നീയാരാ.. ഞങ്ങള് വല്യ വല്യ പത്രക്കാരോട് നിന്റെ കളി ഒന്നും വേണ്ട.. നീ ആരാന്നാ നിന്റെ വിചാരം..നീയൊക്കെ അയയ്ക്കുന്ന ഒരു വാർത്ത പോലും ഇനി മുതൽ കൊടുക്കില്ല..
ഫോണിലെ ശബ്ദം : നന്ദിയുണ്ട് സാറേ...നിങ്ങൾ വാർത്ത കൊടുത്താലും ഇല്ലെങ്കിലും അത്ഒ കൊണ്ട്ന്നും എനിക്ക് സംഭവിക്കാൻ പോകുന്നില്ല .. കാരണം ഞാൻ ഒരു മാദ്ധ്യമസൃഷ്ടി അല്ല .. അല്ലെങ്കിൽ സാറ് പറ, കഴിഞ്ഞ അഞ്ചു വർഷത്തിനിടെ എത്രയെത്ര റിലീസ് നിങ്ങള്ക്ക് ഞാൻ അയച്ചിട്ടുണ്ട്.. എത്രയെത്ര ഫോട്ടോകൾ തന്നിട്ടുണ്ട്.. , അതിലൊന്നും എന്റെ പേരോ ഫോട്ടോയോ ഇല്ലായിരുന്നല്ലോ.. പക്ഷേങ്കി പത്രത്തിൽ പേര് അച്ചടിച്ച് വരാൻ ആഗ്രഹിക്കുന്നവർ ഉള്ളേടത്തോളം നിങ്ങൾക്ക് കുത്തിയിരുപ്പു പത്രപ്രവർത്തനം നടത്താൻ പറ്റും .
ചീഫ്: അതിനു താൻ പോയി തലേം കുത്തി നിലക്ക്. ഇതൊക്കെ പറയാൻ താൻ ആരാ..
ഫോണിലെ ശബ്ദം : താനാരാ..തന്നാരോ എന്ന പത്രഭാഷയൊക്കെ അങ്ങ് പറണേൽ വച്ചേച്ചാൽ മതി. ഞാനാണെന്ന് സാറിന് അറിയണം അത്രേ അല്ലെ ഉള്ളൂ.. പരിചയം കാണുമായിരിക്കും... നിങ്ങടെ കൈക്കൂലിപ്പത്രപ്രവർത്തനം തിരിച്ചറിഞ്ഞ ഒരു വായനക്കാരൻ...
ചീഫ്: അത്രയോ ഒള്ളു? നിന്നെ ഒക്കെ ആർക്കു വേണം? വായനക്കാർ അല്ല വാർത്തകൾ ആണ് പ്രധാനം.. വായനക്കാർ ഇല്ലെങ്കിലും വാർത്തകൾ ഞങ്ങൾ ഉണ്ടാക്കും. നീയൊക്കെ വാ അനക്കണമെന്നു ഞങ്ങൾക്കു യാതൊരു താല്പര്യവും ഇല്ല. സംഘടനകളും അവരുടെ ഭാരവാഹികളും ഉള്ളേടത്തോളം കാലം ഞങ്ങൾക്ക് മറുനാട്ടിൽ പത്രപ്രവർത്തനം കരതലാമലകം ആണ്..
ഫോണിലെ ശബ്ദം : കരതലാമലം എന്ന് പറയുന്നതാവും ശരി. രാജ്യത്തെ ഏറ്റവും കൂടുതൽ വിലകൊടുത്തു പത്രങ്ങൾ വാങ്ങി വാർത്തയും പെയ്ഡ് ന്യൂസും പൊങ്ങച്ചവും അതിനേക്കാൾ പരസ്യവും നിറഞ്ഞ കടലാസുകൾ.. നിങ്ങളെപ്പോലുള്ളവരൊക്കെക്കൂടി പത്രപ്രവർത്തകരുടെ വില കളഞ്ഞു. അത് നിങ്ങടെ ഗതികേട്. സംഘടനകളെ വഷളാക്കുന്നതിൽ പത്രങ്ങൾക്കും പത്രങ്ങളെ വഷളാക്കുന്നതിൽ സംഘടനകൾക്കും പങ്കുണ്ട്..
ചീഫ്: ഫോൺ വച്ചിട്ട് പോടേ .....പത്രപ്രവർത്തനത്തെ നന്നാക്കാൻ വന്നിരിക്കുന്നു...
ഒരു വാ....യനക്കാരൻ!!!
(രചന 2011))
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ