അഖിലാണ്ഡമണ്ഡലം :: പന്തളം കെ.പി.
മലയാളത്തിലെ ഏറ്റവും മികച്ച മതേതര പ്രാര്‍ഥനയാണ് പന്തളം കെ.പി രചിച്ച അഖിലാണ്ഡമണ്ഡലം. എന്‍ .എസിൻ്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തിയ ഉത്പന്നപ്പിരിവിനോടനുബന്ധിച്ചു പാടാന്‍ രചിച്ച ഈ കവിത പില്‍ക്കാലത്ത് സ്കൂളുകളില്‍ പ്രാര്‍ഥനാഗാനമായി അംഗീകാരവും പ്രചാരവും നേടി.
ഏറ്റവും പ്രശസ്തമായ മലയാള കവിതകളില്‍ ഒന്നാണ് അഖിലാണ്ഡമണ്ഡലം. ഈ കവിത ഉപാസന എന്ന പേരിൽ അഖിലാണ്ഡമണ്ഡലം എന്ന കാവ്യസമാഹാരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഈശ്വരധ്യാനത്തോടൊപ്പം സഹിഷ്ണുത, മതസൗഹാർദ്ദം, മാനവഐക്യം, സമത്വചിന്ത തുടങ്ങിയ മൂല്യങ്ങളും നന്നായി വിളക്കിച്ചേർത്തതാണ് 'അഖിലാണ്ഡമണ്ഡലം'
ഗാനാത്മകമായ കാല്‍പനിക രചനകള്‍ കൊണ്ട് മലയാളികളുടെ മനം കവര്‍ന്ന പന്തളം കെ.പി. 1930 കളിലും നാല്‍പ്പതുകളിലും കേരളത്തിന്റെ സാഹിത്യ-സാംസ്കാരിക സാംസ്കാരിക രംഗങ്ങളില്‍ സജീവമായിരുന്നു. പില്‍ക്കാലത്ത് വിനോദകഥകളും ലേഖനങ്ങളും എഴുതിയ അദ്ദേഹവും മുന്‍ഷി പരമു പിള്ളയും ഉറ്റ സുഹൃത്തുക്കള്‍ ആയിരുന്നു. അക്കാലത്തെ നിരവധി വിനോദമാസികകളില്‍ ആക്ഷേപഹാസ്യം കൊണ്ട് ഭരണാധികാരികളെ വെകിളി പിടിപ്പിക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞു. ഉത്തരവാദ പ്രക്ഷോഭകാലത്ത് ജയില്‍വാസം അനുഭവിച്ച പന്തളം കെ.പി രാമൻപിള്ള പന്തളം എന്‍ . എസ്. എസ്. ഹൈസ്കൂളില്‍ അദ്ധ്യാപകന്‍ ആയിരുന്നു. വള്ളിക്കോട്-കോട്ടയം (പത്തനംതിട്ട ജില്ല ) ഹൈസ്കൂളില്‍ പ്രധാനാധ്യാപകന്‍ ആയിരുന്നു.
സ്റ്റേറ്റു കോൺഗ്രസ്സുകാരനായി തിരുവിതാംകൂറിലെ ഉത്തരവാദിത്തഭരണ പ്രക്ഷോഭങ്ങളിൽ സജീവമായി പ്രവർത്തിച്ചിരുന്ന അദ്ദേഹം കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനാകുകയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായി ചേർന്ന് പ്രവർത്തിക്കുവാൻ തുടങ്ങുകയും ചെയ്തു. 1954-ൽ
എൻ എസ് എസ് നേതാവ് മക്കപ്പുഴ വാസുദേവൻ പിള്ളക്കെതിരെ ഇടതുപക്ഷ സ്ഥാനാർഥിയായി തിരു - കൊച്ചി നിയമസഭയിലേക്ക് ഇദ്ദേഹം മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. തെരഞ്ഞെടുപ്പിൽ മൽസരിച്ചത് മൂലം സ്കൂളിലെ ജോലി നഷ്ടപ്പെടുകയും ചെയ്തു.
1998 ഒക് ടോബർ 17-ന് ചെന്നൈയിൽ വെച്ച് പന്തളം കെ.പി അന്തരിച്ചു. കൃതികള്‍ : ഏകാന്തകോകിലം , മുരളീധരന്‍, രാഗസുധ, അഖിലാണ്ഡമണ്ഡലം, രാജേന്ദ്രന്‍, മരതകപീഠം .
ഉപാസന
അഖിലാണ്ഡമണ്ഡലമണിയിച്ചൊരുക്കി
അതിനുള്ളിലാനന്ദദീപം കൊളുത്തി
പരമാണുപ്പൊരുളിലും സ്ഫുരണമായ് മിന്നും
പരമപ്രകാശമേ ശരണം നീയെന്നും .
സുരഗോളലക്ഷങ്ങളണിയിട്ടു നിര്‍ത്തി
അവികല സൌഹൃദ ബന്ധം പുലര്‍ത്തി
അതിനൊക്കെയാധാരസൂത്രമിണക്കി
നിലനിര്‍ത്തും പ്രേമമേ! ശരണം നീയെന്നും.
അവസാനജലധിയിലൊരുനാളീ വിശ്വം
പരിപൂര്‍ണ്ണ ശൂന്യമായ് വിലയിച്ചു തീരും
അതു നാളും സത്തു ചിത്താനന്ദദീപ്തം
ഒരു സത്യം നിലനില്‍ക്കും അതു നിത്യം ശരണം
ദുരിതങ്ങള്‍ കൂത്താടുമുലകത്തില്‍ നിന്റെ
പരിശുദ്ധ തേജസ്സു വിളയാടിക്കാണ്‍മാന്‍
ഒരു ജാതി, ഒരു മതം, ഒരു ദൈവമേവം
പരമാര്‍ത്ഥവേദാന്തം സഫലമായ് ത്തീരാന്‍
അഖിലാദിനായകാ തവതിരുമുമ്പില്‍
അഭയമായ് ഞാനിതാ പ്രണമിപ്പൂ നിത്യം.
സമരാദി തൃഷ്ണകളാകവേ നീങ്ങി
സമതയും ശാന്തിയും ക്ഷേമവും തിങ്ങി
ജനതയും ജനതയും കൈകോര്‍ത്തിണങ്ങി
ജനിതസൗഹാര്‍ദ്ദത്തിന്‍ ഗീതം മുഴങ്ങി
നരലോകമെപ്പേരുമാനന്ദം തേടി
വിജയിക്ക നിന്തിരുനാമങ്ങള്‍ പാടി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ